മാഡ്രിഡ്: തന്നെ തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനോട് മനസ്സ് തുറന്ന് മൊണാക്കോയുടെ യുവതാരം കയ്‌ലിയാന്‍ മബാപ്പ. 800 കോടി രൂപ നല്‍കുന്നതിനോടൊപ്പം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ഗരെത് ബെയ്ല്‍, കരീം ബെന്‍സിമ എന്നിവരില്‍ ഒരാളെ ഉപേക്ഷിക്കണമെന്നും മബാപ്പ പറയുന്നു. സ്പാനിഷ് മാധ്യമമായ ഡോണ്‍ ബാലനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റയലിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് ഫ്രാന്‍സിന്റെ പതിനെട്ടുകാരനായ താരം ഇങ്ങനെയൊരു വ്യവസ്ഥ മുന്നോട്ടുവെച്ചതെന്നാണ് സൂചന.

ഫ്രഞ്ച് ലീഗില്‍ മൊണാക്കോയ്ക്കായി മബാപ്പ മികച്ച പ്രകടനമാണ് സീസണില്‍ പുറത്തെടുത്തത്. 25 ഗോളുകളും 8 അസിസ്റ്റുകളുമാണ് ഈ സീസണില്‍ മബാപ്പ മൊണാക്കോയ്ക്കായി നേടിയത്. 2000ത്തിന് ശേഷം മൊണാക്കോ ലീഗ് വണ്‍ ചാമ്പ്യന്‍മാരായതിനോടൊപ്പം ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തിയതും മബാപ്പയുടെ മികവ് കൊണ്ട് കൂടിയാണ്.

ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയലിന് പിന്നാലെ മബാപ്പയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ റയലിന്റെ വാഗ്ദ്ധാനം മബാപ്പ തള്ളിയിരുന്നു. താന്‍ വളരെ ചെറിയ കുട്ടിയാണെന്നും സ്വന്തം രാജ്യത്ത് തന്നെ കളിക്കാനാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നുമായിരുന്നു അന്ന മബാപ്പ നല്‍കിയ വിശദീകരണം.

അതേസമയം റയല്‍ മബാപ്പയെ ടീമിലെത്തിക്കുന്നതിനോട് സെര്‍ജിയോ റാമോസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. മബാപ്പ പ്രതിഭയുള്ള കളിക്കാരനാണെങ്കിലും മൊണാക്കോ ആവശ്യപ്പെടുന്നത് പോലെ 800 കോടി രൂപയ്ക്കുള്ള കഴിവൊന്നുമില്ലെന്നാണ് റാമോസിന്റെ അഭിപ്രായം. നിലവിലെ അറ്റാക്കിങ് സംഘമായ ബെന്‍സിമ, ബെയ്ല്‍,ക്രിസ്റ്റ്യാനൊ കൂട്ടുകെട്ടിനെ തകര്‍ക്കുന്നതാകരും മബാപ്പയുടെ ടീമിലേക്കുള്ള വരവെന്നും റാമോസ് ചൂണ്ടിക്കാട്ടുന്നു.