പനാജി: ഐ-ലീഗിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ ശനിയാഴ്ച ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി (എ.ഐ.എഫ്.എഫ്) തീരുമാനമെടുക്കും. ലീഗ് റദ്ദാക്കാന്‍ തീരുമാനിച്ചാലും മോഹന്‍ ബഗാന്റെ കിരീടത്തിന് ഇളക്കം തട്ടില്ല.

ഐ-ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ശനിയാഴ്ച യോഗം ചേരുന്നുണ്ട്.

കോവിഡ് ഭീതിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതോടെ അടുത്തൊന്നും ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ ഐ-ലീഗ് അടക്കമുള്ള മറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയേക്കും.

നാലു റൗണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കുമ്പോള്‍ തന്നെ 16 കളിയില്‍നിന്ന് 39 പോയന്റുമായി ബഗാന്‍ കിരീടമുറപ്പിച്ചിരുന്നു. എന്നാല്‍ റദ്ദാക്കുന്ന ഒരു ലീഗില്‍ ഒരു ടീമിനെ എങ്ങനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുമെന്ന് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബംഗാള്‍ ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഐ-ലീഗ് ചട്ടമനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫിന് അധികാരമുണ്ട്.

Content Highlights: Mohun Bagan will not be denied I-League title if AIFF cancels the league