കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എ.ടി.കെ.എഫ്‌.സിയും ഐ ലീഗ് വമ്പന്‍മാരയ മോഹന്‍ ബഗാനും ലയിച്ചു. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്റെ ആസ്ഥാനത്താണ് ഇരു ക്ലബ്ബ് ഭാരവാഹികളും ലയന പ്രഖ്യാപനം നടത്തിയത്.

രണ്ട് ക്ലബ്ബുകളും കൂടി ലയിച്ച് പുതിയ ക്ലബ്ബായപ്പോള്‍ എ.ടി.കെയുടെ ഉടമസ്ഥരായ ആര്‍.പി.സഞ്ജീവ് ഗോയങ്കെ (ആര്‍.പി.എസ്.ജി) ഗ്രൂപ്പിന് ഇതില്‍ 80 ശതമാനം ഓഹരികളും മോഹന്‍ ബഗാന് 20 ശതമാനം ഓഹരികളുമാണുള്ളത്. 

2020-21 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ക്ലബ്ബ് പങ്കെടുക്കും. പുതിയ ക്ലബ്ബില്‍ എ.ടി.കെയുടേയും മോഹന്‍ ബഗാന്റേയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തും. എടികെ മോഹന്‍ ബഗാന്‍ എഫ്.സി എന്നാകും പുതിയ ക്ലബ്ബിന്റെ പേരെന്നാണ് സൂചന.

130 വര്‍ഷം പഴക്കമുള്ള ക്ലബ്ബാണ് മോഹന്‍ ബഗാന്‍. തന്റെ പിതാവ് പരേതാനായ ആര്‍.പി ഗോയങ്കെ മോഹന്‍ ബാഗാനിലെ ഒരംഗമായിരുന്നതിനാല്‍ തനിക്കിത് വൈകാരിക പുനഃസംഗമമാണെന്ന് ലയനത്തിന് ശേഷം ആര്‍.പി.എസ്.ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.

Content Highlights: Mohun Bagan enters ISL after merger with ATK