ഐ.എസ്.എല്‍ നാലാം സീസണ്‍ വന്‍ മാറ്റങ്ങളുമായി അവതരിച്ചേക്കുമെന്ന് സൂചന. ഐ-ലീഗിലെ വമ്പന്‍മാരായ ബെംഗളൂരു എഫ്.സി, ഈസ്റ്റ് ബംഗാള്‍,മോഹന്‍ ബഗാന്‍ എന്നീ മൂന്നു ക്ലബ്ബുകളെയും ഐ.എസ്.എല്ലിന്റ ഭാഗമാക്കി ടൂര്‍ണമെന്റ് വിപുലീകരിക്കാനാണ് നീക്കം. ബംഗാളി പത്രമായ ആനന്ദ ബസാര്‍ പത്രികയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.
മോഹന്‍ ബഗാന്റെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി ദേബശീഷ് ദത്തയെ അടിസ്ഥാനമാക്കിയാണ് ആനന്ദ് ബസാര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അണിയറയില്‍ ഇത്തരത്തില്‍ സംസാരം നടക്കുന്നുണ്ടെന്നും ഒന്നും തീരുമാനത്തിലെത്തിയിട്ടില്ലെന്നും ദേബശീഷ് ദത്ത വ്യക്തമാക്കി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മോഹന്‍ ബഗാന്റെ ഓഹരി വാങ്ങിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റിന്റെ പേരിലാകും വാങ്ങിക്കുക.
നിലവിലുള്ള എട്ടു ക്ലബ്ബുകള്‍ക്ക് പുറമേ ഈ മൂന്ന് ക്ലബ്ബുകള്‍ കൂടി ചേരുന്നതോടെ ഐ.എസ്.എല്ലില്‍ ക്ലബ്ബുകളുടെ എണ്ണം 11 ആയി മാറും. നവംബറില്‍ തുടങ്ങി ഏഴു മാസം നീളുന്ന ലീഗാക്കി ഐ.എസ്.എല്‍ നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും വരുന്നതോടെ ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് മൂന്നു ക്ലബുകളാകും. രബീന്ദര്‍ സരോബര്‍ സ്റ്റേഡിയം നവീകരിച്ച് മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടാകും. അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയും ഈസ്റ്റ് ബംഗാളും ഹോം ഗ്രൗണ്ടായി സാള്‍ട്ട് ലേക്ക് സ്റ്റേഡിയം പങ്കിടുമെന്നും സൂചനയുണ്ട്.