കല്ല്യാണി: അടുത്ത സീസണില്‍ ഐ.എസ്.എല്‍ ക്ലബ്ബ് എ.ടി.കെയുമായി ലയിക്കാനൊരുങ്ങന്ന മോഹന്‍ ബഗാന് ഐ-ലീഗില്‍ കിരീടത്തോടെ പടിയിറക്കം. ബംഗാളിലെ കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്റെ കിരീടം. 

16 മത്സരങ്ങളില്‍ 12 വിജയത്തോടെ 39 പോയിന്റുമായി ബഗാന്‍ ലീഗില്‍ അപരാജിത ലീഡെടുത്തു. രണ്ടാമതുള്ള ഈസ്റ്റ് ബംഗാള്‍ 23 പോയിന്റുമായി ഏറെ പിന്നിലായതോടെ നാല് മത്സരം ശേഷിക്കെ ബഗാന്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഐ-ലീഗില്‍ മോഹന്‍ ബഗാന്റെ രണ്ടാം കിരീടമാണിത്. നേരത്തെ 2014-15 സീസണില്‍ ബഗാന്‍ ചാമ്പ്യന്‍മാരായിരുന്നു.

ഐസ്വാളിനെതിരായ മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് ബഗാന്റെ വിജയഗോള്‍ വന്നത്. തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയ ബാബ ദിവാരയാണ് ബഗാന്റെ വിജയശില്‍പ്പി.

Content Highlights: Mohun Bagan clinch I League title defeating Aizawl