ലണ്ടന്‍: ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരം. ടോട്ടന്‍ഹാം ഹോട്​​സ്പറിന്റെ ഹാരി കെയ്ന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡി ബ്രുയ്ന്‍ എന്നിവരെ പിന്തള്ളിയാണ് സലാഹ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത്. ലിവര്‍പൂളിനായി അരങ്ങേറ്റ സീസണില്‍ തന്നെ സലാഹ് ഇതവരെ നേടിയത് 43 ഗോളുകളാണ്. 

ഈ പുരസ്‌കാരം നേടുന്ന യൂറോപ്പുകാരനല്ലാത്ത രണ്ടാമത്തെ താരമാണ് സലാഹ്. ലിവര്‍പൂള്‍ മുന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസാണ് ആദ്യ താരം. 2013-14 സീസണില്‍ ലിവര്‍പൂളിനായി കളിക്കുമ്പോള്‍ തന്നെയാണ് സുവാരസ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.

നാന്നൂറിന് മുകളില്‍ ഫുട്‌ബോള്‍ എഴുത്തുകാര്‍ വോട്ട് ചെയ്താണ് സലാഹിനെ തിരഞ്ഞെടുത്തത്. സെര്‍ജിയോ അഗ്യൂറോ, ക്രിസ്ത്യന്‍ എറിക്‌സണ്‍, റോബര്‍ട്ടോ ഫെര്‍മിനോ, ഡേവിഡ് സില്‍വ എന്നിവരും മത്സരത്തിനുണ്ടായിരുന്നു. രണ്ടാമതെത്തിയ ഡി ബ്രുയിനേക്കാള്‍ സലാഹിന് 20 വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്. നേരത്തെ പി.എഫ്.എയുടെ പുരസ്‌കാരവും സലാഹ് നേടിയിരുന്നു. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നു പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന നേട്ടവും സലാഹ് നേരത്തെ സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന് വേണ്ടി സീസണില്‍ നാല്പതിന് മുകളില്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം, സീസണില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നീ റെക്കോഡുകളും ഈജിപ്ഷ്യന്‍ താരത്തിന്റെ പേരിലാണ്. റോമയില്‍ നിന്ന് 34 മില്യണ്‍ യൂറോയ്ക്കാണ് സലാഹ് ലിവര്‍പൂളിലെത്തിയത്. 

Content Highlights: Mohamed  Salah wins FWA Footballer of the Year after incredible Liverpool season