ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി ലിവര്‍പൂള്‍. മികച്ച കളി പുറത്തെടുത്ത ബ്രൈറ്റനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പട മറികടന്നത്. 

ആദ്യ പകുതിയില്‍ മുഹമ്മദ് സലാ നേടിയ ഗോളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. മാത്രമല്ല മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്ന് ഉറച്ച അവസരം രക്ഷപ്പെടുത്തിയ  ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണിന്റെ പ്രകടനവും ലിവര്‍പൂളിന്റെ രക്ഷക്കെത്തി.

ആദ്യ പകുതിയില്‍ ബ്രൈറ്റന്‍ പ്രതിരോധത്തിലെ പിഴവാണ് സലായുടെ ഗോളിന് വഴിയൊരുക്കിയത്. ബീസൂമയുടെ മോശം പാസ് പിടിച്ചെടുത്ത മില്‍നര്‍ തുടങ്ങിയ ആക്രമണം ഫിര്‍മിനോയുടെ പാസില്‍ മുഹമ്മദ് സല ഗോളാക്കുകയായിരുന്നു. 

മികച്ച കളി പുറത്തെടുത്ത ബ്രൈറ്റന്‍ ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാന മിനിറ്റിലെ അലിസന്റെ മികച്ച രക്ഷപ്പെടുത്തലും ലിവര്‍പൂളിന്റെ രക്ഷക്കെത്തി. ജയത്തോടെ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

Content Highlights: mohamed salah liverpool