ലണ്ടന്‍: സോളോ ഗോളിന്റ ആശാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ആരാധകരെ ഓര്‍മിപ്പിച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ സലായുടെ ഗോള്‍ കാണികളെ ത്രസിപ്പിച്ചു. ഫിര്‍മീനോയുടെ ഹാട്രിക്കിനെ ചിത്രത്തിലേ ഇല്ലാതാക്കുന്നതായിരുന്നു ഈ ഗോള്‍.

54-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ഫിര്‍മിനോയുടെ പാസ് സ്വീകരിച്ച് വാറ്റ്‌ഫോര്‍ഡിന്റ അഞ്ച് താരങ്ങളെ പല തവണ കബളിപ്പിച്ച് സല പന്ത് വലയുടെ മൂലയിലെത്തിച്ചു. വാറ്റ്‌ഫോര്‍ഡ് ഗോള്‍കീപ്പര്‍ ബെന്‍ ഫോസ്റ്ററിന് എന്തെങ്കിലും ചെയ്യാനുള്ള സമയം കിട്ടിയില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സലാ നേടിയ സോളോ ഗോളിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ പ്രകടനം. തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ഈജിപ്ഷ്യന്‍ താരം ഗോള്‍ നേടുന്നത്. 

മത്സരശേഷം സലയെ പ്രശംസിച്ച് പരിശീലകന്‍ ക്ലോപ്പും രംഗത്തെത്തി. 'വാറ്റ്‌ഫോര്‍ഡിനെതിരെ സലയുടെ പ്രകടനം മികച്ചതായിരുന്നു. ആദ്യ ഗോളിനായുള്ള സൂപ്പര്‍ പാസ്, പിന്നീട് വന്ന അദ്ദേഹത്തിന്റെ ഗോള്‍, അത് തികച്ചും അസാധാരണമായിരുന്നു. ബോക്‌സില്‍ ഇത്ര ചടുലതയോടെ കളിക്കുന്ന സലയുടെ ഫോമാണ് വ്യക്തമാക്കുന്നത്. ഈ ഫോമില്‍ ദീര്‍ഘകാലം കളിക്കട്ടെ.' ക്ലോപ്പ് പറയുന്നു. ലോക ഫുട്‌ബോളില്‍ സലയേക്കാള്‍ മികച്ച ഫോമില്‍ കളിക്കുന്ന ആരെങ്കിലും ഇപ്പോഴുണ്ടോ എന്നും ക്ലോപ്പ് ചോദിച്ചു. 

Content Highlights: Mohamed Salah's Stunning Solo Goal For Liverpool Against Watford