ഡാക്കര്‍ (സെനഗല്‍): തുടര്‍ച്ചയായ രണ്ടാം വട്ടവും മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ. 

ചൊവ്വാഴ്ച സെനഗലിലെ ഡാക്കറില്‍ നടന്ന ചടങ്ങില്‍ ലിവര്‍പൂളിന്റെ തന്നെ സാദിയോ മാനേ, ആഴ്സണലിന്റെ പിയറെ എമറിക് ഔബമെയാങ് എന്നിവരെ മറികടന്നാണ് സലായുടെ നേട്ടം. 

'' എന്നെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. ഈ നേട്ടം ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, കാരണം കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ ഈ പുരസ്‌കാരം കാണുന്നുണ്ട്. ഇത് സ്വന്തമാക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടിട്ടുമുണ്ട്'', സലാ പ്രതികരിച്ചു. രണ്ടു തവണ ഈ പുരസ്‌കാരം നേടാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം ഈ പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നും വ്യക്തമാക്കി. 

മുന്‍  ഫിഫ ലോക ഫുട്‌ബോളറും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയയാണ് സലായ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.

രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയതിലൂടെ ഐവറി കോസ്റ്റിന്റെ യായ ടൂറെ, സെനഗലിന്റെ എല്‍ഹാദി ദിയോഫ്, കാമറൂണിന്റെ സാമുവല്‍ ഏറ്റു എന്നിവര്‍ക്കൊപ്പമെത്താനും സലായ്ക്കായി. കഴിഞ്ഞ സീസണില്‍ സലായുടെ മികവില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയിരുന്നു.

Content Highlights: mohamed salah once again named african footballer of the year