95-ാം മിനിറ്റില്‍ പെനാല്‍റ്റി എടുക്കാന്‍ തുടങ്ങുന്നതിന് മുമ്പ് മുഹമ്മദ് സലാഹ് ആ പന്തില്‍ ചുംബിച്ചു. ബോര്‍ഗ് അല്‍ അറബ് സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ 85000ത്തോളം ഈജിപ്തുകാര്‍ ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവര്‍ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി ദൈവത്തെ വിളിക്കുന്നു. കമന്ററി പറയുന്നവരും ദൈവത്തെ ഉറക്കെ വിളിച്ചുകൊണ്ടിരിക്കുന്നു. പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ ഇതാ സലാഹ് പെനാല്‍റ്റിയെടുക്കാന്‍ പോവുന്നുവെന്ന് വിളിച്ചു പറയുന്നു. 

27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ ആ ഒരൊറ്റ നിമിഷം ഈജിപ്തിന് മറികടക്കണം. ആ നിമിഷത്തില്‍ നമ്മള്‍ ദൈവത്തെയല്ലാതെ മറ്റാരെയാണ് ഓര്‍ക്കുക. ഒടുവില്‍ ആ ഗാലറിയിലെ പ്രാര്‍ഥനയ്ക്കും കമന്ററി പറയുന്നവരുടെ ദൈവസ്തുതിക്കും ഫലം കണ്ടു. പന്ത് ലക്ഷ്യം തെറ്റാതെ കോംഗോയുടെ ഗോള്‍വല ചുംബിച്ചപ്പോള്‍ മുഹമ്മദ് സലാഹ് മിസ്‌റിലെ രാജകുമാരനായി മാറി. ഈജിപ്ത് ആ സ്വപ്‌നനിമിഷത്തില്‍ മതിമറന്നാടി. കമന്റേറ്റര്‍മാര്‍ സന്തോഷമടക്കാനാവാതെ അള്ളാ എന്നുറക്കെ വിളിച്ചുകൊണ്ടിരുന്നു. 

2018ല്‍ റഷ്യയിലെ മഞ്ഞുപെയ്യുന്ന മൈതാനങ്ങളില്‍ പന്തു തട്ടാന്‍ ഞങ്ങളുമുണ്ടാവുമെന്ന ഈജിപ്തിന്റെ പ്രഖ്യാപനമായിരുന്നു അത്. 1990ന് ശേഷം ഈജിപ്തിന്റെ ലോകകപ്പ് പ്രവേശനം. കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച ആ മത്സരത്തിന്റെ നാടകീയത ആ പെനാല്‍റ്റിയില്‍ മാത്രം ഒതുങ്ങുന്നതല്ല.

63-ാം മിനിറ്റില്‍ ലിവര്‍പൂള്‍ സ്‌ട്രെക്കറായ സലാഹ് വഴി ഈജ്പിതാണ് ആദ്യ ഗോളടിച്ചത്. എന്നാല്‍ 86-ാം മിനിറ്റില്‍ അര്‍നോള്‍ഡ് ബോക്ക കോംഗോയെ ഒപ്പമെത്തിച്ചു. ആ ഗോള്‍ ഈജിപ്തുകാരുടെ നെഞ്ച് പിളര്‍ത്തിയാണ് വലയില്‍ പതിച്ചത്. സ്റ്റേഡിയമൊന്നാകെ തലയില്‍ കൈവെച്ചു. ഗോള്‍ കാണാനാവാതെ സലാഹ് മുഖം പൊത്തി ഗ്രൗണ്ടില്‍ കിടന്നു. പക്ഷേ ആ വീഴ്ച്ച ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കാണെന്ന് സലാഹിന് അറിയില്ലായിരുന്നു. 95-ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ ദൈവം ഈജിപ്തിന് അനുകൂലമായി വിജയം വിധിച്ചപ്പോള്‍ മിസ്‌റിലെ രാജകുമാരനായി സലാഹ് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.