മാഡ്രിഡ്: കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു ലിവര്‍പൂള്‍ ആരാധകനും മറക്കാനാകില്ല, അന്ന് മുറിവേറ്റ് മടങ്ങിയ സലയുടെ മുഖവും. സെര്‍ജിയോ റാമോസ് ചെയ്ത ഒരു ഫൗളില്‍ സല ഗ്രൗണ്ടില്‍ വീണു കരഞ്ഞു. സലയില്ലാതെ കളിച്ച ലിവര്‍പൂളിന് തോല്‍വിയായിരുന്നു ഫലം.

ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഫൈനല്‍ ആവര്‍ത്തിച്ചു. എതിരാളികള്‍ റയല്‍ മാഡ്രിഡിന് പകരം ടോട്ടന്‍ഹാം ആണെന്ന വ്യത്യാസം മാത്രം. അന്ന് ഗ്രൗണ്ടില്‍ വീണ സല ഇന്ന് ഉയര്‍ത്തെഴുന്നേറ്റു. അതും ഒരു ഗോളും ആ ഗോളിന് പിന്നാലെ ഒരുപിടി റെക്കോഡുകളുമായി. 

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഈജിപ്ഷ്യന്‍ താരം വലയിലെത്തിച്ചു. കളിയുടെ ഗതിയും വിധിയും നിര്‍ണയിച്ച ഗോളായിരുന്നു അത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരമായി സല. 

ഒപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമായും സല ഇതോടെ മാറി. 1987-ല്‍ പോര്‍ട്ടോയ്ക്ക് വേണ്ടി റബാഹ് മജര്‍, 2006-ലും 2009-ലും ബാഴ്‌സലോണക്ക് വേണ്ടി സാമുവല്‍ ഏറ്റു, 2012-ല്‍ ചെല്‍സിക്ക് വേണ്ടി ദിദിയന്‍ ദ്രോഗ്ബ, കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി സാദിയോ മാനെ എന്നിവരാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേരത്തെ ഗോള്‍ നേടിയ ആഫ്രിക്കന്‍ താരങ്ങള്‍. 

 

Content Highlights: Mohamed Salah Champions League Final 2019 Liverpool