ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ആഴ്സണലിന്റെ ക്യാപ്റ്റനായ ഒബാമയങ് ക്ലബ്ബിൽ ഇനിയും ഒരുപാട് കാലം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പരിശീലകൻ അർട്ടേറ്റ. ഒബാമയങ് ആഴ്സണലിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഒരുപാട് കാലം കളിച്ചാൽ ആഴ്സണലിന്റെ ഇതിഹാസ താരമായി ഒബാമയങ്ങിന് വളരാമെന്നും അർട്ടേറ്റ വ്യക്തമാക്കുന്നു.

ആഴ്സണലിന് എല്ലാ കാലത്തും മികച്ച സ്ട്രൈക്കർമാരുണ്ടായിരുന്നു. ആ പേരുകൾക്ക് ഒപ്പം ചേർക്കപ്പെടേണ്ട പേരാണ് ഒബാമയങ്ങിന്റേത്. അതിനായി താരം ഇവിടെ കളി തുടരേണ്ടതുണ്ട്. അർട്ടേറ്റ കൂട്ടിച്ചേർത്തു.

എഫ്.എ കപ്പ് ഫൈനലിൽ ഇരട്ടഗോളുമായി ഒബാമയങ് ആഴ്സണലിന്റെ വിജയശിൽപ്പി ആയിരുന്നു. 32-കാരനായ താരത്തിന് ആഴ്സണലിൽ ഒരു വർഷത്തെ കരാറാണ് ഇനി ശേഷിക്കുന്നത്. ബാഴ്സലോണയടക്കമുള്ള ക്ലബ്ബുകൾ ഒബാമയങ്ങിനായി രംഗത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം താരത്തെ ക്ലബ്ബിൽ നിലനിർത്താൻ ശ്രമിക്കുകയാണ് ആഴ്സണൽ. ഇതിനായി വൻതുകയുടെ കരാർ ഒബാമയങ്ങിന് ക്ലബ്ബ് വാഗ്ദാനം ചെയ്തതായും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Mikel Arteta, Arsenal, Pierre Emerick Aubameyang