ടെഹ്‌റാന്‍: ലയണല്‍ മെസ്സി ഒരു മനുഷ്യനാണോയെന്ന സംശയം ഫുട്‌ബോള്‍ കാണുന്നവര്‍ക്കെല്ലാം എപ്പോഴെങ്കിലും തോന്നിയുട്ടുണ്ടാകും. ഭൂമിയുലുള്ളവനല്ലെന്നും അന്യഗ്രഹ ജീവിയാണെന്നുമെല്ലാം ആരാധകര്‍ മെസ്സിയെ പ്രശംസിച്ച് പറഞ്ഞിരുന്നു. പലപ്പോഴും മിശിഹ അവതരിച്ചു എന്ന തലക്കെട്ടിലാണ് മാധ്യമങ്ങള്‍ മെസ്സിയുടെ മികവിനെ വാഴ്ത്തിപ്പാടിയത്. മെസ്സിയുടെ കാലുകളിലെ പ്രതിഭാസ്പര്‍ശം തന്നെയാണ് ഈ പ്രശംസകള്‍ക്കെല്ലാം പിന്നില്‍.

മെസ്സിയെ ഇങ്ങനെ അഭിനന്ദിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുന്നു. ഇറാന്‍ ദേശീയ ടീമിന്റെ പരിശീലകന്‍ കാര്‍ലോസ് ക്യുറോസാണ് ആ ഒരാള്‍. ഒരു മനുഷ്യനാണെന്ന് മെസ്സിയെന്ന് തെളിയിക്കുന്നതുവരെ അര്‍ജന്റീനന്‍ താരത്തെ വിലക്കണമെന്ന് ക്യുറോസ് പറയുന്നത്. ഫിഫ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ കോച്ചിന്റെ പ്രസ്താവന. 

കഴിഞ്ഞ ലോകകപ്പില്‍ ബെലൊഹൊറിസോണ്ടയില്‍ നടന്ന മത്സരത്തില്‍ ഇറാനെതിരെ അര്‍ജന്റീന സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമില്‍ മെസ്സി വിജയഗോള്‍ നേടിയിരുന്നു. ഈ ഗോളിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ക്യുറോസ് മെസ്സിയെ അഭിനന്ദിച്ചുള്ള പ്രതികരണം നടത്തിയത്. 

'മെസ്സി സൂപ്പര്‍ താരമാണെന്ന് ഞാനെപ്പോഴും പറയാറുള്ളതാണ്. അവന്‍ ഈ ലോകത്തുള്ളവനല്ല. അവന്‍ മനുഷ്യനായിരുന്നെങ്കില്‍ അന്ന് ഇറാനെതിരായ മത്സരത്തിലെ ആ മാന്ത്രിക ഗോള്‍ നേടില്ലായിരുന്നു.  പരാജയപ്പെടുന്നത് സാധാരണയായി ഞാന്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ അന്നത്തെ ആ തോല്‍വിയില്‍ എനിക്ക് നിരാശയൊന്നും തോന്നിയില്ല. ഫുട്‌ബോള്‍ ഇപ്പോഴും ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. മെസ്സിയുടെ ആ ഗോള്‍ ഫുട്‌ബോളിന്റെ തുടിപ്പായാണ് ഞാന്‍ കണ്ടത്. ഇതുകൊണ്ടൊക്കെ തന്നെയാണ് ലോകത്ത് കാണാന്‍ ഏറ്റവും മനോഹരമായ കളി ഫുട്‌ബോളാകുന്നതും. മനുഷ്യനാണെന്ന് തെളിയിക്കുന്നതുവരെ ഫുട്‌ബോള്‍ കളിക്കാന്‍ ഫിഫ അനുവദിക്കാത്ത ഒരു താരത്തില്‍ നിന്ന് ഇങ്ങനെയൊരു ഗോള്‍ വരുന്നത് അതിലും പ്രത്യേകത നിറഞ്ഞതാണ്'. ക്യുറോസ് പറയുന്നു.

ഇറാനെതിരെ മെസ്സിയുടെ ഗോള്‍

Content Highlights: Messi should be banned until FIFA proves he's human, says Iran coach