മാഡ്രിഡ്: നിര്‍ണായക മത്സരത്തില്‍ ലയണൽ മെസ്സി തിളങ്ങിയപ്പോൾ സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയ്ക്ക് ജയം. പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചതോടെ ബാഴ്സ ലാ ലിഗ കിരീടത്തിലേക്ക് അടുത്തു. 26-ാം മിനിറ്റില്‍ അതിമനോഹരമായ ഒരു ട്രേഡ് മാർക്ക് ഫ്രീകിക്കില്‍ നിന്നാണ് മെസ്സി ബാഴ്‌സയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. 

കരിയറില്‍ മെസ്സിയുടെ 600-ാം ഗോളാണിത്. ബാഴ്‌സയ്ക്കായി 624 മത്സരങ്ങളില്‍നിന്ന് 539 ഗോളും അര്‍ജന്റീനയ്ക്കായി 123 മത്സരങ്ങളില്‍ നിന്ന് 61 ഗോളുകളുമാണ് മെസ്സിയുടെ ബൂട്ടില്‍നിന്ന് പിറന്നത്. വിജയത്തോടെ 27 കളിയില്‍ 69 പോയന്റോടെ ബാഴ്‌സ ലീഗില്‍ മുഖ്യ എതിരാളിയായ അത്‌ലറ്റിക്കോയെക്കാള്‍ എട്ട് പോയന്റ് മുന്നിലായി. 

ലീഗിലെ മറ്റൊരു മത്സരത്തില്‍ റയല്‍ ഗറ്റാഫെയെ 3-1 ന് തോല്‍പ്പിച്ചു. 45, 78 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബെയ്‌ലും (24) സ്‌കോര്‍ ചെയ്തു. ഗറ്റാഫയുടെ ആശ്വാസ ഗോള്‍ പോര്‍ട്ടിലോ (65) പെനാല്‍റ്റിയിലൂടെ നേടി. കഴിഞ്ഞ മത്സരത്തില്‍ എസ്പാന്യോളിനോട് തോറ്റ റയലിന് ഈ ജയം ആശ്വാസകരമായി. 27 കളിയില്‍നിന്ന് 54 പോയന്റുള്ള ടീം മൂന്നാമതാണ്. 

Content Highlights; Messi scores his 600th career goal, Barcelona Beat Atletico Madrid