Photo: AFP
യൂറോകപ്പ് ജയിക്കുമ്പോഴത്തെ ഇറ്റലിയല്ല വെംബ്ലിയില്‍ ഫൈനലിസിമ കളിക്കാനിറങ്ങിയത്. ശക്തിചോര്‍ന്ന് ലോകകപ്പിന് യോഗ്യത നഷ്ടപ്പെട്ട ഇറ്റലിയായിരുന്നു. അര്‍ജന്റീനയ്ക്കും മാറ്റമുണ്ടായിരുന്നു. അപരാജിതകുതിപ്പിന്റെ പിന്‍ബലമുണ്ടെങ്കിലും എന്തോ ഒരു കുറവ് അവരുടെ മുന്‍കളികളിലുണ്ടായിരുന്നു. എന്നാല്‍, ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ അവര്‍ ആ കുറവ് തീര്‍ത്തു. പുറത്തെടുത്തത് ഒന്നാന്തരം ആക്രമണ ഫുട്ബോള്‍. എന്തിനുംപോന്ന സംഘത്തിന് അനുയോജ്യനായ നായകനായി തലയുയര്‍ത്തി സാക്ഷാല്‍ ലയണല്‍ മെസ്സിയും.
2018 ഓഗസ്റ്റ് മൂന്നിന് ലയണല്‍ സെബാസ്റ്റ്യന്‍ സ്‌കലോനി പരിശീലകനായി ചുമതലയേറ്റെടുക്കുമ്പോഴുള്ള അര്‍ജന്റീന ടീമില്ല, ഇപ്പോഴത്തേത്. 46 മത്സരങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചാണ് ഫൈനലിസിമ വിജയിക്കുന്ന ടീമായത്. 32 മത്സരങ്ങളില്‍ ടീം തോറ്റിട്ടില്ല. മുന്‍പരിചയമില്ലാത്ത പരിശീലകനാണ് സ്‌കലോനി. തന്ത്രങ്ങളുടെ ആശാനുമല്ല. എന്നാല്‍, ടീമിന്റെ യഥാര്‍ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് ആഴത്തില്‍ നടത്തിയ ചികിത്സയുടെ ഫലമാണിപ്പോള്‍ കിട്ടുന്നത്. സൂപ്പര്‍ താരമായ മെസ്സിയും ഒരുകൂട്ടം കളിക്കാരും എന്ന അവസ്ഥയില്‍നിന്ന് അര്‍ജന്റീനയെ മോചിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതാണ് സ്‌കലോനിയുടെ വിജയം. മെസ്സിയുടെ കളിമികവിന് പിന്തുണ നല്‍കാന്‍ കഴിയുന്ന, ഒത്തിണക്കമുള്ള ടീമിനെ ഒരുക്കിയെടുക്കാന്‍ കഴിഞ്ഞു. വമ്പന്‍ തന്ത്രങ്ങളെക്കാള്‍ അതുല്യമായ പ്രതിഭയെ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കോര്‍ഗ്രൂപ്പാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം.
സ്‌കലോനിയുടെ കീഴില്‍ ഇതുവരെ കളിച്ച അര്‍ജന്റീനയെയല്ല വെംബ്ലിയില്‍ ബുധനാഴ്ച രാത്രി കണ്ടത്. തെക്കേയമേരിക്കന്‍ ഫുട്ബോളിന്റെ ചടുലതാളം ആവാഹിച്ച കളിക്കാരുടെ കൂട്ടമായിരുന്നു അത്. ലോകകപ്പ് ലക്ഷ്യമിട്ട് ആക്രമണഫുട്ബോളിലേക്ക് ഗിയര്‍ മാറ്റുന്നതിന്റെ റിഹേഴ്സലായിരുന്നു. അതിലവര്‍ ജയിച്ചത് പ്രതിരോധത്തിന് പേരുകേട്ട ഇറ്റലിയുടെ വലയില്‍ മൂന്നുതവണ പന്തെത്തിച്ചുകൊണ്ടാണ്. സ്‌കലോനിക്കും മെസ്സിക്കും ഇനി ധൈര്യമായി മുന്നോട്ടുപോകാം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കപ്പ് നേടുന്നത് സ്വപ്നംകാണുന്നവരുടെ എണ്ണം എത്രയോ മടങ്ങാക്കിമാറ്റിയാണ് അവര്‍ വെംബ്ലിയില്‍നിന്ന് മടങ്ങുന്നത്.മുമ്പ് ബാഴ്സലോണയില്‍ അനുഭവിച്ച തണല്‍ മെസ്സിക്ക് ഇപ്പോഴത്തെ അര്‍ജന്റീന ടീമില്‍ ലഭിക്കുന്നു. ക്ലബ്ബ് ഫുട്ബോളില്‍ നിരാശയുടെ സീസണിലൂടെ കടന്നുപോകുമ്പോഴും രാജ്യത്തിനായി നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത് മനസ്സറിഞ്ഞ് കൂടെനില്‍ക്കുന്ന ഒരുസംഘം കളിക്കാരാണ്. മെസ്സി പന്തിടുന്നിടത്ത് എത്താനും മെസ്സി ആഗ്രഹിക്കുന്നിടത്ത് പന്തെത്തിക്കാനും കഴിയുന്ന ഒരു രസതന്ത്രം ടീമിനുണ്ട്. അതാണ് അര്‍ജന്റീനയുടെ യഥാര്‍ഥ ഗെയിംപ്ലാന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..