പാരിസ്: ലോകത്തിലെ മികച്ച ഫുട്ബോള്‍ താരത്തിന് ഫ്രഞ്ച് മാസികയായ 'ഫ്രാന്‍സ് ഫുട്ബോള്‍' നല്‍കിവരുന്ന ബാലണ്‍ദ്യോര്‍ പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പാരിസിലെ ഡ്യു ചാറ്റ്ലെറ്റ് തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.
ഫിഫയും ബാലണ്‍ദ്യോറും വഴിപിരിഞ്ഞ ശേഷം നടക്കുന്ന നാലാമത്തെ പുരസ്കാര പ്രഖ്യാപന ചടങ്ങാണ് ഇത്തവണത്തേത്. 2016 മുതലാണ് ബാലണ്‍ദ്യോര്‍ പുരസ്കാരം വേറെ തന്നെ നല്‍കിവരുന്നത്. 2016, 2017 വര്‍ഷങ്ങളില്‍ യുവെന്റസിന്റെ പോര്‍ച്ചുഗള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്കാരം. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചാണ് പുരസ്കാരം നേടിയത്.
ഇത്തവണ ബാഴ്സലോണ താരം ലയണല്‍ മെസ്സിയാണ് പുരസ്കാര സാധ്യതയില്‍ മുന്നിലുള്ളത്. ഇത്തവണ മികച്ച യൂറോപ്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ഡൈക്കിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
ബാഴ്സയെ ലാ ലിഗ കിരീടത്തിലേക്ക് നയിച്ച മെസ്സിയുടെ പ്രകടനം പുരസ്കാര നിര്‍ണയത്തെ സ്വാധീനിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ആറാമത് പുരസ്കാര നേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത്.
അതേ സമയം വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മേഗന് റാപ്പിനോയാണ് കിരീട സാധ്യതയില്‍ മുന്നില്‍. അമേരിക്കയുടെ വനിതാ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു റാപ്പിനോ. ലോകമെമ്പാടുമുള്ള 180-ഓളം വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര നിര്‍ണയം.
Content Highlights: Messi or Van Dijk hours left for Ballon d'Or winner