ബില്‍ബാവോ: ഇരട്ട ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മികവില്‍ ലാലിഗയില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയെ തകര്‍ത്ത് ബാഴ്സലോണ. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ മെസ്സിക്കും സംഘത്തിനും സാധിച്ചു.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബാഴ്സയെ ഞെട്ടിച്ചുകൊണ്ട് അത്‌ലറ്റിക്കാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഇനാകി വില്യംസാണ് ടീമിനായി ഗോള്‍ നേടിയത്. എന്നാല്‍ 14-ാം മിനിറ്റിൽ യുവതാരം പെഡ്രിയിലൂടെ ബാഴ്സ സമനില ഗോള്‍ നേടി. ഒരു ഫ്രീ ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്.
രണ്ടാം ഗോളിന് വഴിവെച്ചതും പെഡ്രിയാണ്. ബോക്‌സിനകത്തുനിന്നും മനോഹരമായ ഒരു പാസ്സിലൂടെ പെഡ്രി പന്ത് മെസ്സിയുടെ കാലിലെത്തിച്ചു. അത് മികവോടെ മെസ്സി ഗോളാക്കി മാറ്റുകയും ചെയ്തു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി. ഗ്രീസ്മാന്റെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. 90-ാം മിനിറ്റിൽ ഐകെര്‍ മുനിയന്‍ അത്‌ലറ്റിക്കിനായി ഗോള്‍ നേടിയെങ്കിലും ബാഴ്സ വിജയമുറപ്പിച്ചു.
ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 31 പോയന്റുകള്‍ നേടിയ ബാഴ്സ മൂന്നാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്നും 36 പോയന്റുള്ള റയലാണ് രണ്ടാം സ്ഥാനത്ത്. ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളില്‍ നിന്നും 38 പോയന്റാണ് ടീമിനുള്ളത്.
Content Highlights: Messi nets 2 in Barcelona win at Bilbao in La Liga