ക്വഡോറിലെ ക്വിറ്റോയില്‍ വിസില്‍ മുഴങ്ങുന്നതും കാത്ത് ലോകത്തെങ്ങുമുള്ള അര്‍ജന്റീനയുടെ ആരാധകരും ശത്രുക്കളും ഒരുപോലെ ഉറമൊഴിച്ചും, ഉറക്കമുണര്‍ന്നു കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ ലയണല്‍ മെസ്സി സ്വപ്‌നസുന്ദരമായ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റുമ്പോള്‍, അര്‍ജന്റീന അവിശ്വസനീയമാംവണ്ണം ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുമ്പോള്‍ ഒരു അര്‍ജന്റീനക്കാരന്‍ മാത്രം ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്നു. വെറുമൊരു അര്‍ജന്റീനക്കാരനല്ല, ലയണല്‍ മെസ്സി ദേശീയ ടീമിലെത്തും മുന്‍പ് തന്നെ നീലക്കുപ്പായത്തില്‍ ഒരു ലോകകപ്പ് കളിച്ച താരമാണ്. ടോട്ടനം ഹോട്സ്പര്‍ മാനേജര്‍ മൗറിഷ്യോ പൊച്ചെറ്റിനോ. 2002 ലോകകപ്പിലാണ് സെന്റർ ബാക്കായ പൊച്ചെറ്റിനോ അർജന്റീനയ്ക്കുവേണ്ടി കളിച്ചത്. എന്നാൽ, മുൻ ചാമ്പ്യന്മാർ ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റ് പുറത്തായിരുന്നു.

മെസ്സി ഇക്വഡോറിന്റെ വലയില്‍ മൂന്ന് മിന്നുന്ന ഗോളുകള്‍ അടിച്ചുകയറ്റുമ്പോള്‍, താന്‍ നല്ല സുഖനിദ്രയിലായിരുന്നുവെന്നാണ് പൊച്ചെറ്റിനോ പറയുന്നത്. മത്സരശേഷം രാജ്യം ഒന്നടങ്കം ആഹ്ളാദത്തിമിര്‍പ്പില്‍ പൊട്ടിത്തെറിച്ചതും കോച്ച് യോര്‍ഗെ സാംപോളി മെസ്സിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തതുമൊന്നും ഉറക്കത്തിലായിരുന്ന താന്‍ അറിഞ്ഞില്ലെന്ന് ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൊച്ചെറ്റിനോ പറഞ്ഞു.

തൊട്ടടുത്ത മുറിയില്‍ കളി കണ്ടുകൊണ്ടിരുന്ന മക്കള്‍ ബഹളം വച്ച് എന്നെ ഉണര്‍ത്തുമ്പോള്‍ ഭാര്യ ക്ഷോഭിക്കുമായിരുന്നെന്നും പൊച്ചെറ്റോ പറഞ്ഞു.

പിന്നെ ഉണര്‍ന്ന് റേഡിയോ കേട്ടപ്പോള്‍ ടീം സമനില നേടിക്കഴിഞ്ഞിരുന്നു. ആദ്യ ഗോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം മത്സരത്തിന്റെ ഹൈലൈറ്റ്‌സാണ് ഞാന്‍ കണ്ടത്. പന്ത്രണ്ട് മണിക്കൂര്‍ കളിക്കളത്തില്‍ കഴിയേണ്ടിവരുന്നതിനാലാണ് മത്സരം കാണാന്‍ ഉണര്‍ന്നിരിക്കായിരുന്നതെന്ന് പൊച്ചെറ്റോ പറഞ്ഞു.