ബാഴ്‌സലോണ: ഈ സീസണില്‍ ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചതിനുശേഷം ലയണല്‍ മെസ്സി മികച്ച ക്യാപ്റ്റനും ടീമിലെ മറ്റുള്ളവര്‍ക്ക് മാതൃകയുമാണെന്ന് ബാഴ്സലോണ കോച്ച് റൊണാള്‍ഡ് കോമാന്‍.

വ്യാഴാഴ്ച സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതി മുഴുവന്‍ 10 പേരുമായി കളിക്കേണ്ടിവന്ന മത്സരത്തില്‍ മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ മത്സരം ജയിച്ചത്.

ക്ലബ്ബ് വിടാനുള്ള മെസ്സിയുടെ ആവശ്യം ബാഴ്‌സ നിരസിച്ചതോടെ താരത്തിന് ക്ലബ്ബിനോടുണ്ടായിരുന്ന പ്രതിബദ്ധത തുടര്‍ന്നുണ്ടാകുമോ എന്ന കാര്യത്തില്‍ പലര്‍ക്കു സംശയമുണ്ടായിരുന്നു. 

''(ട്രാന്‍സ്ഫര്‍ വിവാദങ്ങള്‍ക്ക് ശേഷം) ആദ്യ ദിവസം മുതല്‍ ലിയോ (മെസ്സി) നന്നായി പരിശീലിക്കുകയും നന്നായി കളിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ക്ലബ്ബിനും ടീം അംഗങ്ങള്‍ക്കുമായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് അദ്ദേഹത്തെക്കുറിച്ച് പരാതികളൊന്നുമില്ല.'' - ഞായറാഴ്ച സെവിയ്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിനു മുമ്പ് കോമാന്‍ പറഞ്ഞു.

തന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം മെസ്സിയാണെന്നും കോമാന്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: Messi has given maximum since ending transfer saga Barcelona coach Ronald Koeman