ബാഴ്സലോണ: സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് ബാഴ്സലോണയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. ഇതിഹാസതാരം ലയണല്‍ മെസ്സി ഒരു വശത്തും ക്ലബ്ബ് പ്രസിഡന്റ് ജോസപ് ബര്‍ത്തോമ്യു മറുവശത്തുമായി ചേരിതിരിഞ്ഞതാണ് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലബ്ബിലെ മുന്‍നിര താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമാണ് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

വേതനം വെട്ടിക്കുറയ്ക്കാന്‍ മാനേജ്മെന്റ് നടത്തിയ നീക്കത്തിനെതിരേ ലയണല്‍ മെസ്സി പരസ്യമായി രംഗത്തുവന്നു. നെയ്മറുടെതടക്കമുള്ള കളിക്കാരുടെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ മാനേജ്മെന്റുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന മെസ്സിയെ വേതനം വെട്ടിക്കുറച്ചതിനെക്കാള്‍ അത് നടപ്പാക്കിയ രീതിയാണ് ചൊടിപ്പിച്ചത്.

ബാഴ്സലോണ പ്രസിഡന്റ് ജോസപ് ബര്‍ത്തോമ്യു തിടുക്കപ്പെട്ട് വേതനം കുറയ്ക്കുന്നകാര്യം പ്രഖ്യാപിച്ചത് കളിക്കാരെ പ്രതിരോധത്തിലാക്കാനാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് മെസ്സി, ശമ്പളം കുറയ്ക്കുന്നതിനെ അനുകൂലിച്ചും എന്നാല്‍, ക്ലബ്ബ് മാനേജ്മെന്റ് ടീം അംഗങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും പ്രതികരിച്ചത്. അതേസമയം പ്രധാനവൈരികളായ മറ്റൊരു സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് ഇതുവരെ ശമ്പളം കുറയ്ക്കുന്നകാര്യം പ്രഖ്യാപിച്ചിട്ടില്ല.

മെസ്സിയും ബര്‍ത്തോമ്യുവും അത്രനല്ല ബന്ധത്തിലല്ലെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് ബാഴ്സലോണയുടെ മുന്‍ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്ബോള്‍ ഡയറക്ടര്‍ എറിക് അബിദാല്‍ ഈയിടെ പറഞ്ഞതും വിവാദമായിരുന്നു. അതിനെതിരേയും മെസ്സി പരസ്യമായി പ്രതികരിച്ചു. 2021-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ബര്‍ത്തോമ്യു നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Content Highlights: Messi and Bartomeu salary cut battle exposes Barcelona divisions