കൊല്‍ക്കത്ത: വിപ്ലവകരമായ തീരുമാനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വിജയചരിത്രവുമുള്ള കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ. കൊല്‍ക്കത്തയില്‍ ലയിച്ചു. ബഗാന്‍ ആസ്ഥാനത്തുനടന്ന ചടങ്ങിലാണ് ഇരു ക്ലബ്ബ് ഭാരവാഹികളും ചേര്‍ന്ന് ലയനതീരുമാനം പ്രഖ്യാപിച്ചത്. നടപ്പുസീസണില്‍ ബഗാന്‍ ഐ ലീഗില്‍ കളിക്കും. അടുത്ത സീസണില്‍ ഒറ്റക്ലബ്ബായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലായിരിക്കും കളിക്കുന്നത്. വരുന്ന ജൂണില്‍ ലയനം നടപ്പില്‍വരും.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബഗാന്‍ - എ.ടി.കെ. ലയനം സാധ്യമായത്. പുതിയ ക്ലബ്ബില്‍ 80 ശതമാനം ഓഹരികള്‍ എ.ടി.കെ. ഉടമകളായ ആര്‍.പി. സഞ്ജീവ് ഗോയങ്ക (ആര്‍.പി.എസ്.ജി.) ഗ്രൂപ്പിനായിരിക്കും. 20 ശതമാനം ഓഹരികള്‍ മോഹന്‍ ബഗാന്‍ ഫുട്ബോള്‍ ക്ലബ്ബ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാകും. എ.ടി.കെ.-മോഹന്‍ ബഗാന്‍ എന്നപേരിലാകും ക്ലബ്ബ് അറിയപ്പെടുന്നത്.

1889-ല്‍ സ്ഥാപിതമായ ബഗാന്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബാണ്. ഏഷ്യയില്‍തന്നെ പഴക്കമേറിയ ക്ലബ്ബുകളിലൊന്നും. എ.ടി.കെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കത്തിലുള്ള ക്ലബ്ബും. രണ്ടുതവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം എ.ടി.കെ. നേടിയിട്ടുണ്ട്. ബഗാന്‍ ഐ ലീഗ് ഒരുവട്ടവും ദേശീയ ലീഗ് മൂന്നുവട്ടവും നേടിയിട്ടുണ്ട്.

ഇരു ക്ലബ്ബുകളുടെയും ലയനം ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ മാറ്റമുണ്ടാക്കും. ഇന്ത്യന്‍ ഫുട്ബോളിന്റെ ശക്തികേന്ദ്രമായ കൊല്‍ക്കത്തയില്‍ പണക്കൊഴുപ്പും ആരാധകസമ്പത്തുമുള്ള പുതിയ ക്ലബ്ബ് രൂപപ്പെടുമെന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. എന്നാല്‍, ലക്ഷക്കണക്കിന് ബഗാന്റെ ആരാധകര്‍ ലയനത്തെ എങ്ങനെ സ്വീകരിക്കുമെന്ന് വരുംദിവസങ്ങളിലറിയാം.

Content Highlights: Merger of Mohun Bagan and ATK