ബില്‍ബാവോ: ലയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള രണ്ടാം മത്സരത്തില്‍ തന്നെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് തിരിച്ചടി. 

ലാ ലിഗയില്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ ടീം കഷ്ടിച്ച് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. 

ബില്‍ബാവോയുടെ മൈതാനത്ത് നടന്ന മത്സരം 1-1ന് സമനിലയിലായി. 

മത്സരത്തിലുടനീളം ബാഴ്‌സ പ്രതിരോധത്തെ വിറപ്പിക്കാന്‍ ബില്‍ബാവോയ്ക്കായി. മത്സരം 30 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ ജെറാര്‍ഡ് പിക്വെ മടങ്ങിയതും ടീമിന് തിരിച്ചടിയായി. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനെസ് ബില്‍ബാവോയെ മുന്നിലെത്തിച്ചു. വീണ്ടും ആക്രമണം തുടര്‍ന്ന ബില്‍ബാവോയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ ബാഴ്‌സ നന്നായി പാടുപെട്ടു. 

ഒടുവില്‍ മത്സരം അവസാനിക്കാന്‍ 15 മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ മെംഫിസ് ഡിപായ് ആണ് ബാഴ്‌സയുടെ സമനില ഗോള്‍ നേടിയത്. 

ലിയോണില്‍ നിന്ന് ഈ സീസണില്‍ ബാഴ്‌സയിലെത്തിയ ഡിപായ് ക്ലബ്ബിനായി നേടുന്ന ആദ്യ ഗോള്‍ കൂടിയാണിത്. 

ഇന്‍ജുറി ടൈമില്‍ ബാഴ്‌സ താരം എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.

Content Highlights: Memphis Depay Rescues Draw For Barcelona against Bilbao