കൊച്ചി: ''സച്ചിന്‍ തെന്‍ഡുല്‍ക്കറും റിക്കി പോണ്ടിങ്ങും ഒന്നാം റാങ്കിന് മത്സരിച്ചിരുന്ന കാലം നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? ചിലപ്പോള്‍ സച്ചിന്‍ ഒന്നാം റാങ്കുകാരനാകുമ്പോള്‍ രണ്ടാം സ്ഥാനത്താകും റിക്കി പോണ്ടിങ്. എന്നാല്‍ അടുത്ത പരമ്പര കഴിയുമ്പോള്‍ പോണ്ടിങ് ഒന്നാമതും സച്ചിന്‍ രണ്ടാമതുമാകും.

ക്രിക്കറ്റില്‍ ഓസ്ട്രേലിയയും ഇന്ത്യയും പരസ്പരം മത്സരിച്ചിരുന്നതുപോലെയുള്ള ആവേശം ഫുട്ബോളിലും വന്നാലോ? ലാലിഗ വേള്‍ഡ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാനായി ഇന്ത്യയിലെത്തുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് സച്ചിനെയും പോണ്ടിങ്ങിനെയുമാണ്...'' മാരിയറ്റ് ഹോട്ടലിലെ റസ്റ്റോറന്റിലിരുന്ന് സംസാരിക്കുമ്പോള്‍ ക്രിക്കറ്റിന്റെ ഓര്‍മകളിലായിരുന്നു മെല്‍ബണ്‍ സിറ്റി എഫ്.സി. ക്യാപ്റ്റന്‍ സ്‌കോട്ട് ജാമിസണ്‍ തുടങ്ങിയത്.

ക്രിക്കറ്റില്‍ തുടങ്ങിയ സംസാരം ഫുട്ബോളിലേക്കെത്തുമ്പോള്‍ ജാമിസണിനൊപ്പം വാചാലരാകാന്‍ കൂട്ടുകാരായ ഡാരിയോ വിഡോസിച്ചും ലൂക്ക് ബ്രാട്ടനും അരികിലുണ്ടായിരുന്നു. ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിനായി കൊച്ചിയിലെത്തിയ മെല്‍ബണ്‍ എഫ്.സി. ടീമിന്റെ വിശേഷങ്ങളിലൂടെ...

ബ്ലാസ്റ്റേഴ്സിനെ അറിയാട്ടോ

പ്രീ സീസണ്‍ ടൂര്‍ണമെന്റിനായി ഇന്ത്യയിലേക്ക് വരുമ്പോള്‍ എതിരാളികളായി വരുന്നവരെക്കുറിച്ച് പഠിച്ചിരുന്നു. സ്പാനിഷ് ലീഗിലെ മലാഗ പോലെയുള്ള ക്ലബ്ബുകളുമായി ഞങ്ങള്‍ ഇതിനു മുമ്പ് കളിച്ചിട്ടുണ്ട്. എന്നാല്‍ ജിറോണയുമായി ആദ്യമായിട്ടാണ് കളിക്കുന്നത്. ഇന്ത്യയുടെ പ്രതിനിധിയായ കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും നന്നായി അറിയാം. ബെര്‍ബറ്റോവും ഡേവിഡ് ജെയിംസും ഇയാന്‍ ഹ്യൂമുമൊക്കെ കളിച്ച ക്ലബ്ബ് മോശമായിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ആരാധകരും മഴയും

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെക്കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഐ.എസ്.എല്‍. കാണാനെത്തിയ കാണികളുടെ എണ്ണത്തെക്കുറിച്ചും ഞങ്ങള്‍ക്കറിയാം. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുന്നത് വലിയ അനുഭവമായിരിക്കും. മെല്‍ബണില്‍ ഞങ്ങളുടെ ഹോംഗ്രൗണ്ടായ ആമി പാര്‍ക്കിന്റെ കപ്പാസിറ്റി മുപ്പതിനായിരമാണ്. അതിന്റെ ഇരട്ടിയോളം പേര്‍ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തുമെന്ന് പറയുമ്പോള്‍ ആവേശവും ഇരട്ടിയായിരിക്കുമെന്ന് ഉറപ്പല്ലേ. പക്ഷേ ഇവിടെ എത്തിയതു മുതല്‍ കാണുന്നത് തോരാമഴയാണ്. മഴ കനത്താല്‍ കളി വെള്ളത്തിലാകുമോയെന്ന ആശങ്കയുണ്ട്.

മെല്‍ബണ്‍ ഡെര്‍ബി

ഓസ്ട്രേലിയന്‍ എ ലീഗ് ഫുട്ബോളില്‍ മെല്‍ബണ്‍ വിക്ടറിയും ഞങ്ങളും തമ്മിലുള്ള മത്സരം എന്നും ആവേശകരമായിരുന്നു. വിക്ടറി ടീമിനെതിരേ എന്നും ജയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ മെല്‍ബണ്‍ ഡെര്‍ബി എന്നും ആവേശകരമായിരുന്നു. ഇത്തവണ സീസണിലെ ഹോം മത്സരത്തിലും എവേ മത്സരത്തിലും അവര്‍ക്കായിരുന്നു ജയം. എന്നാല്‍ പോയിന്റ് ടേബിളില്‍ അവരെക്കാള്‍ ഒരു ജയം കൂടുതല്‍ നേടി ഞങ്ങള്‍ക്കു മുന്നിലെത്താനായി.

പ്രതീക്ഷകള്‍ ഏറെ

സ്പാനിഷ് ക്ലബ്ബ് വലന്‍സിയ, ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ തുടങ്ങിയവരുമൊക്കെയായി സൗഹൃദ മത്സരങ്ങള്‍ കളിച്ചാണ് ഞങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. പരിചയസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാമുഖ്യമുള്ള ടീമുമായിട്ടാണ് ഞങ്ങള്‍ കൊച്ചിയിലേക്കെത്തിയിരിക്കുന്നത്. ടീമിലേക്ക് പുതുതായി എത്തിയ മൈക്കല്‍ ഹാലോരനും റിലി മക്ഗ്രീയും ലക്ലാന്‍ വെയ്ല്‍സുമൊക്കെ ടീമിനായി പരമാവധി നല്‍കാനുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ നോക്കിക്കോളൂ...കൊച്ചിയിലെ മൈതാനത്ത് തകര്‍പ്പന്‍ കളി തന്നെയാകും ഞങ്ങള്‍ പുറത്തെടുക്കുന്നത്.

Content Highlights: Melbourne City FC Kerala Blasters ISL Pre Season