മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ബേണ്‍ലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ചുവന്ന ചെകുത്താന്മാര്‍ വിജയം ആഘോഷിച്ചത്. 

യുണൈറ്റഡിനുവേണ്ടി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്‌കോട് മക്ടൊമിനെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെന്‍ മീയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ബേണ്‍ലിയ്ക്ക് വേണ്ടി ആരോണ്‍ ലെനന്‍ ഗോളടിച്ചു. 

വലിയ മാറ്റങ്ങളുമായാണ് പരിശീലകന്‍ റാള്‍ഫ് റാങ്‌നിക് യുണൈറ്റഡിനെ ഇറക്കിയത്. എഡിന്‍സണ്‍ കവാനി, ലൂക്ക് ഷോ, ആരോണ്‍ വാന്‍ ബിസ്സാക്ക, ഗ്രീന്‍വുഡ്, മാറ്റിച്ച് തുടങ്ങിയവരെല്ലാം ആദ്യ ഇലവനില്‍ ഇടം നേടി. വളരെ വ്യത്യസ്തമായ 4-2-2-2 ശൈലിയിലാണ് ടീം കളിച്ചത്. 

മത്സരത്തിന്റെ തുടക്കം തൊട്ട് യുണൈറ്റഡ് ആധിപത്യം പുലര്‍ത്തി. എട്ടാം മിനിറ്റില്‍ സ്‌കോട് മക്ടൊമിനെ നേടിയ തകര്‍പ്പന്‍ ഗോളിന്റെ ബലത്തില്‍ യുണൈറ്റഡ് ലീഡെടുത്തു. റൊണാള്‍ഡോ നല്‍കിയ പാസ് സ്വീകരിച്ച മക്ടൊമിനെ വിദഗ്ധമായി പന്ത് വലയിലെത്തിച്ചു. 

പിന്നാലെ 27-ാം മിനിറ്റില്‍ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ജേഡന്‍ സാഞ്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ഗോള്‍വലയിലേക്ക് പോകുകയായിരുന്ന സാഞ്ചോയുടെ ഷോട്ട് ബേണ്‍ലി പ്രതിരോധതാരം ബെന്‍ മീയുടെ കാലില്‍ തട്ടി വലയില്‍ കയറി. 35-ാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോളടിച്ചത്. 

സ്‌കോട് മക്ടൊമിനെയുടെ തകര്‍പ്പന്‍ ഷോട്ട് ബേണ്‍ലി ക്രോസ്ബാറിലിടിച്ച് തെറിച്ചെങ്കിലും നേരെയെത്തിയത് റൊണാള്‍ഡോയുടെ കാലിലേക്കാണ്. ആളൊഴിഞ്ഞ പോസ്റ്റില്‍ അനായാസം ഗോളടിച്ച് റൊണാള്‍ഡോ 'സിയൂ' ആഘോഷം തുടങ്ങി. താരത്തിന്റെ സീസണിലെ എട്ടാമത്തെ ഗോളാണിത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോ നാലാംസ്ഥാനത്തെത്തി. 

റൊണാള്‍ഡോയുടെ ഗോളിലൂടെ യുണൈറ്റഡ് വിജയമുറപ്പിച്ചു. എന്നാല്‍ ചുവന്ന ചെകുത്താന്മാരെ ഞെട്ടിച്ചുകൊണ്ട് 38-ാം മിനിറ്റില്‍ ആരോണ്‍ ലെനന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതി ഗോള്‍ രഹിതമായി. നിരവധി അവസരങ്ങള്‍ യുണൈറ്റഡിന് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഈ വിജയത്തോടെ 2021-ലെ മത്സരങ്ങള്‍ യുണൈറ്റഡ് പൂര്‍ത്തീകരിച്ചു. 

ഈ വിജയത്തിന്റെ അകമ്പടിയില്‍ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 18 മത്സരങ്ങളില്‍ നിന്ന് 31 പോയന്റാണ് യുണൈറ്റഡിനുള്ളത്. 20 മത്സരങ്ങളില്‍ നിന്ന് 50 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബേണ്‍ലി 18-ാം സ്ഥാനത്താണ്. 

Content Highlights: McTominay and Ronaldo on target as Manchester United ease past Burnley