പാരിസ്:  റഷ്യന്‍ ലോകകപ്പില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലിടം നേടിയ താരമാണ് പത്തൊമ്പതുകാരന്‍ എംബാപ്പെയ ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗിലും അദ്ഭുതങ്ങള്‍ തുടരുകയാണ് ഈ യുവതാരം. ഞായറാഴ്ച്ച നടന്ന ലിയോണിനെതിരായ മത്സരത്തില്‍ പി.എസ്.ജിക്കായി 13 മിനിറ്റിനിടെ നാലു ഗോളുകാളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്. സൂപ്പര്‍ താരം നെയ്മറെ സാക്ഷിയാക്കിയായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഈ റെക്കോഡ് പ്രകടനം. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് പി.എസ്.ജി വിജയിക്കുകയും ചെയ്തു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ നെയ്മറിന്റെ പെനാല്‍റ്റിയിലൂടെ പി.എസ്.ജി മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ചുവപ്പ് കാര്‍ഡുകള്‍ പിറന്നത് കളി പ്രവചനാതീതമാക്കി. 32-ം മിനിറ്റില്‍ പി.എസ്.ജിയുടെ കിമ്പെമ്പെയും 45-ാം മിനിറ്റില്‍ ലിയോണിന്റെ ടൗസാര്‍ടും ചുവപ്പ് കണ്ടു. 

പിന്നീട് രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ താണ്ഡവം. 61-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ യുവതാരം 74 മിനിറ്റാകുന്നതിനിടെ നാല് തവണ ലിയോണിന്റെ വല ചലിപ്പിച്ചിരുന്നു. കരിയറില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ എംബാപ്പെ നാല് ഗോളുകളടിക്കുന്നത്. 

ലീഗില്‍ ഇതുവരെ അഞ്ച് കളികളില്‍ എട്ടു ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയത് പത്തൊമ്പതുകാരനായ എംബാപ്പെയായിരുന്നു.

Content Highlights: Mbappe scores four in 13 minutes for PSG