സാഗ്രെബ്: യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ മികവില്‍ ക്രൊയേഷ്യയെയാണ് നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം.

ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ എംബാപ്പെ കളം നിറഞ്ഞുകളിച്ചു. ബാര്‍സ താരം ആന്റോയിന്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ മിഡ്ഫീല്‍ഡര്‍ നിക്കോള വ്‌ലാസിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. എന്നാല്‍ 79-ാം മിനിറ്റിലൂടെ എംബാപ്പെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടി. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ക്രൊയേഷ്യയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. 

ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ 16 മത്സരങ്ങളിലായി 17 ഗോളുകള്‍ എംബാപ്പെ നേടി.

ഈ വിജയത്തോടെ നാലുകളികളില്‍ നിന്നും പത്ത് പോയന്റുകളുമായി ഫ്രാന്‍സ് പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തെത്തി. എന്നാല്‍ ഗോള്‍ ശരാശരിയുടെ ബലത്തില്‍ പോര്‍ച്ചുഗലാണ് ഒന്നാമത്. 

Content Highlights: Mbappe scores as France beats Croatia 2-1 in Nations League