രാജയങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗത്യന്തരമില്ലാതെ ക്ലബ്ബ് പുറത്താക്കിയ എത്രയോ പരിശീലകര്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ സിനദിന്‍ സിദാനെന്ന പരിശീലകന്‍ അതിന് വിപരീതമാണ്. റയല്‍ മാഡ്രിഡ് പരിശീല സ്ഥാനത്ത് നിന്നുള്ള സിദാന്റെ ഈ പടിയിറക്കത്തെ വിജയങ്ങള്‍ മടുത്ത് രാജി വെക്കുന്നു എന്ന് വായിക്കേണ്ടി വരും. തന്റെ തീരുമാനം എന്തിനാണെന്ന് പലര്‍ക്കും മനസ്സിലായേക്കില്ല എന്നും ഇതു ശരിയായില്ല എന്ന് പലര്‍ക്കും തോന്നാം, പക്ഷെ എനിക്ക് ഇതാണ് ശരിയായ തീരുമാനം. തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബ് ഇനിയും വിജയം തുടരണമെങ്കില്‍ പുതിയ പരിശീലകന്‍ വരണം. പുതിയ ചലനങ്ങള്‍ ഡ്രസിങ്ങ് റൂമില്‍ ഉണ്ടാകണം. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സിദാന്‍ വ്യക്തമാക്കുന്നു. 

തനിക്ക് ഇനി ക്ലബിനായി ഒന്നും ചെയ്യാനില്ല എന്ന് തോന്നിയാല്‍ മാത്രമേ പരിശീലക സ്ഥാനം ഒഴിയൂ എന്ന് നേരത്തെ സിദാന്‍ പറഞ്ഞിരുന്നു. മൂന്ന് ചാമ്പ്യന്‍സ് ലീഗ് തുടര്‍ച്ചയായി നേടിയ ഒരു പരിശീലകന് ഇനിയും ഇതില്‍ കൂടുതലെന്താണ് നേടാനുള്ളത്. ആ ഒരു ശൂന്യത തന്നെയാകും സിദാന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചത്. അല്ലെങ്കിലും സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണല്ലോ നല്ലത്.

2016-ല്‍ മിലാനിലെ സാന്‍സിറോയില്‍ പരിശീലകനെന്ന നിലയിലുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടം നെഞ്ചോട് ചേര്‍ത്ത ശേഷം സിനദിന്‍ സിദാനെന്ന ഇതിഹാസ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'എന്റെ ജീവിതത്തിലെ ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. എല്ലാ രീതിയിലും ഒന്നാമതാകാന്‍ എനിക്ക് അവസരം തന്നത് റയലാണ്'. സിദാന് ഇത്തരത്തില്‍ പ്രതികരിച്ചതില്‍ ആരും അദ്ഭുതപ്പെട്ടില്ല. കാരണം ഫുട്ബോളിലെ മൂന്ന് വ്യത്യസ്ത രൂപങ്ങളില്‍ റയലിനൊപ്പം ചേര്‍ന്ന് നടന്ന സിദാന്‍ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് അന്ന് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്‌. 

2002ല്‍ ലെവര്‍ക്യുസനെതിരായ ഫൈനലില്‍ വിജയഗോള്‍ നേടി സിദാന്‍ റയലിന് ഒമ്പതാം ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ചു. അന്ന് കളിക്കാരന്റെ ജഴ്സിയിലാണ് സിദാനുണ്ടായിരുന്നതെങ്കില്‍ 2014-ല്‍ കാര്‍ലോ ആന്‍സലോട്ടിയുടെ സഹപരിശീലകനായിട്ടായിരുന്നു സിദാന്റെ കിരീട വിജയം. ഇപ്പോള്‍ പരിശീലകനായും കിരീടം നേടി സിദാന്‍ തന്റെ കരിയര്‍ പൂര്‍ണമാക്കിയിരിക്കുന്നു.റയലിന്റെ റിസര്‍വ് ടീമിനൊപ്പമുള്ള പരിചയ സമ്പത്തുമായാണ് സിദാന്‍ റയലിന്റെ പരിശീലക കുപ്പായം ഏറ്റെടുത്തത്. 

റാഫേല്‍ ബെനിറ്റെസിന് പകരക്കാരനായി എത്തിയ സിദാന് പരിശീലകനെന്ന നിലയിലുള്ള നൈപുണ്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സിദാന് ചുറ്റും ഒരു തേജോവലയമുണ്ടായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത് ബെയ്ല്‍, ഹാമസ് റോഡ്രിഗസ്, കരീം ബെന്‍സേമ അടക്കമുള്ള ലോകോത്തര മുന്നേറ്റ നിരയെ പ്രചോദിപ്പിക്കാന്‍ സിദാന്റെ ആ തേജോവലയത്തിന് കഴിഞ്ഞു. ഒരു ഇതിഹാസ താരമെന്ന പരിഗണന കളിക്കാര്‍ സിദാന് നല്‍കിയപ്പോള്‍ തിരിച്ച് റയലെന്ന താരനിബിഡമായ ടീമില്‍ ഓരോരുത്തര്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട രീതിയിലുള്ള പ്രാധാന്യം സിദാന്‍ നല്‍കി.

ക്ലബ്ബിന്റെ ഇതിഹാസമായ സിദാനോടൊപ്പമുള്ള പരിശീലനം കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് പറഞ്ഞത് അതുകൊണ്ടു തന്നെയാണ്. 'സിദാന് പിന്നില്‍ അണിനിരക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത്. വളരെ വിനയത്തോടെ മാത്രം സംസാരിക്കുന്ന സിദാന്‍ എപ്പോഴും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്. ഇത് കാര്യങ്ങളെല്ലാം എളുപ്പമാക്കുന്നു'.സിദാനെ കുറിച്ചുള്ള ക്രിസ്റ്റ്യാനോയുടെ അഭിപ്രായമാണിത്. 

zidane
Photo Courtesy: Twitter

റയലിന്റെ പരിശീലകനായി സ്ഥാനമേറ്റപ്പോള്‍ ബെനിറ്റെസ് ചെയ്തത് പോലെ തന്നെ ബ്രസീലിയന്‍ താരം കാസ്മിറോയെ അണിനിരത്തി സിദാന്‍ മധ്യനിരയില്‍ സന്തുലിതമാക്കി. ഇസ്‌കോയും റോഡിഗ്രസും പോലുള്ള താരങ്ങളുടെ സ്വാധീനത്തിന് കടിഞ്ഞാണിട്ടാണ് സിദാന്‍ ഈ മാറ്റം കൊണ്ടു വന്നത്. എന്നാല്‍ കടുംപിടിത്തത്തിലൂടെ ഇത് നടപ്പിലാക്കിയ ബെനിറ്റെസിന് ഏറെ വിമര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോള്‍ സിദാന്‍ വളരെ സമചിത്തതയോടെയാണ് അത് കൈകാര്യം ചെയ്തത്. താന്‍ എത്രത്തോളം സഹനശക്തിയുള്ള മനുഷ്യനാണ് താനെന്ന് സിദാന്‍ തെളിയിക്കുകയായിരുന്നു.

ഡീപോര്‍ട്ടീവോക്കെതിരായ 5-0ത്തിന്റെ വിജയത്തോടെയാണ് സിദാന്‍ റയലിന്റെ പരിശീലകനായി തുടക്കം കുറിച്ചത്. തുടര്‍ച്ചയായ 12 ജയങ്ങളോടെ ലാ ലിഗയില്‍ റണ്ണേഴ്സ് അപ്പായി അരങ്ങേറ്റ സീസണ്‍ അവസാനിപ്പിച്ച റയല്‍ സിദാന്റെ കീഴില്‍ 21 മത്സരങ്ങള്‍ വിജയിച്ചു. മൂന്നെണ്ണത്തില്‍ സമനിലയും രണ്ടെണ്ണത്തില്‍ തോല്‍വിയും. പരിശീലകനായും കളിക്കാരനായും ചാമ്പ്യന്‍സ് ലീഗ് വിജയിച്ച ഏഴാമത്തെ താരമെന്ന ബഹുമതി കൂടി സ്വന്തമാക്കിയാണ് സിദാന്‍ സാന്‍ സിറോയില്‍ നിന്ന് മടങ്ങിയത്.  

zidane
Photo Courtesy: Twitter

പരിശീലകനെന്ന നിലയില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടണമെന്നത് കാര്‍ലോ ആന്‍സലോട്ടി തന്നോട് എപ്പോഴും പറയുമെന്നും അത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് പറഞ്ഞ് കൊതിപ്പിക്കാറുണ്ടെന്നും സിദാന്‍ പറയുന്നു. പരിശീലകനായുള്ള ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തോടെ ആന്‍സലോട്ടിയുടെ ആഗ്രഹം കൂടി യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് സിദാന്‍.  

1998 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഹീറോയായ സിദാന്‍ പിന്നീട് വാര്‍ത്തകളുടെ പ്രധാന തലക്കെട്ടായത് 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍ക്കോ മറ്റെരാസിയെ തല കൊണ്ടിടിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായപ്പോഴാണ്. അന്ന് ഗ്രൗണ്ടിന് പുറത്തേക്ക് കണ്ണീരുമായി നടന്ന സിദാന്‍ ഇന്ന് ചാമ്പ്യന്‍സ് ലീഗില്‍ അപൂര്‍വ്വ റെക്കോഡും റയലിന് സമ്മാനിച്ച് പടിയിറങ്ങുമ്പോള്‍ അതിനെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്നെല്ലാതെ മറ്റെന്ത് വിളിക്കാനാകും?

 

Content Highlights: Master coach Zinedine Zidane was the Real deal