മിലാൻ: ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന്റെ പരിശീലകനായി മാസിമിലിയാനോ അല്ലെഗ്രി തിരിച്ചെത്തി. നിലവിലെ പരിശീലകനായ ആന്ദ്രെ പിർലോയെ ഒഴിവാക്കിയാണ് അല്ലെഗ്രിയെ നിയമിച്ചത്. മൂന്നു വർഷത്തേക്കാകും കരാർ.

പിർലോക്ക് കീഴിൽ മികച്ച നേട്ടങ്ങളൊന്നും ക്ലബ്ബിന് സ്വന്തമാക്കാൻ കഴിയാതിരുന്നതോടെയാണ് അല്ലെഗ്രിയെ തിരിച്ചുവിളിച്ചത്. ക്ലബ്ബിന്റെ ഇതിഹാസ താരം കൂടിയായ പിർലോയ്ക്ക് കീഴിൽ സീരി എ കിരീടം നേടാൻ പോലും കഴിഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ പുറത്തായതും പിർലോയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നു. ഇറ്റാലിയൻ കപ്പ് നേടിയത് മാത്രമാണ് ആശ്വാസം.

തുടർച്ചയായി അഞ്ച് സീരി എ കിരീടങ്ങൾ ക്ലബ്ബിന് സമ്മാനിച്ച ശേഷമാണ് അല്ലെഗ്രി പടിയിറങ്ങിയത്. 2019-ൽ യുവന്റസ് വിട്ടശേഷം ഒരു ടീമിനേയും അല്ലെഗ്രി പരിശീലിപ്പിച്ചിട്ടില്ല. യുവന്റസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ് അല്ലെഗ്രി. 142 വിജയവും 28 സമനിലയും സ്വന്തമാക്കിയ ടീം അല്ലെഗ്രിക്ക് കീഴിൽ 20 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്.

Content Highlights: Massimiliano Allegri All Set for Juventus Comeback to Replace Andrea Pirlo as Manager