ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെ കീഴടക്കി ചെല്‍സി. എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പടയുടെ വിജയം. മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ കീഴടക്കി ടോട്ടനവും വിജയമാഘോഷിച്ചു.

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയ്ക്കായി മേസണ്‍ മൗണ്ട് വിജയ ഗോള്‍ നേടി. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഈ വിജയത്തോടെ ചെല്‍സി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ എട്ടുമത്സരങ്ങളില്‍ ചെല്‍സി തോല്‍വി വഴങ്ങിയിട്ടില്ല.

എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഈ സീസണില്‍ വഴങ്ങുന്ന എട്ടാം തോല്‍വിയാണിത്. ഈ സീസണ്‍ തുടങ്ങിയപ്പോള്‍ പോയന്റ് പട്ടികയില്‍ മുന്നില്‍ നിന്നിരുന്ന ചെമ്പട പിന്നീട് അവിശ്വസനീയമായി തകരുകയായിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ടീം തോറ്റു. നിലവില്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടീം.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ടോസിന്‍ അഡര്‍ബിയോയുടെ സെല്‍ഫ് ഗോളാണ് ടോട്ടനത്തിന് തുണയായത്. ഈ വിജയത്തോടെ ടോട്ടനം എട്ടാം സ്ഥാനത്തെത്തി. മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റി എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

Content Highlights: Mason Mount fires Chelsea as Liverpool crash, Everton boost top four bid in Premier League