പാരിസ്: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്‌, ക്രൊയേഷ്യ ടീമുകള്‍ക്ക് വിജയം. എന്നാല്‍ നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് സമനിലക്കുരുക്കില്‍പ്പെട്ടു.

ഗ്രൂപ്പ് ജി യില്‍ നടന്ന മത്സരത്തില്‍ മോണ്ടെനെഗ്രോയെയാണ് നെതര്‍ലന്‍ഡ്‌സ്‌ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ടീമിന്റെ ജയം. നെതര്‍ലന്‍ഡ്‌സിനായി സൂപ്പര്‍ താരം മെംഫിസ് ഡീപേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജോര്‍ജീന്യോ വൈനാള്‍ഡവും കോഡി ഗാക്‌പോയും സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ നെതര്‍ലന്‍ഡ്‌സ്‌, ഗ്രൂപ്പ് ജി യില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. തുര്‍ക്കിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് സ്ലൊവാക്യയെ കീഴടക്കി. 86-ാം മിനിട്ടില്‍ മാഴ്‌സെലോ ബ്രോസോവിച്ചാണ് ക്രൊയേഷ്യയ്ക്കായി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് എച്ചില്‍ രണ്ടാം സ്ഥാനത്തെത്തി. റഷ്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ യുക്രൈനാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 44-ാം മിനിട്ടില്‍ മൈക്കോള ഷാപ്പറെങ്കോയിലൂടെ യുക്രൈനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 50-ാം മിനിട്ടില്‍ ഫ്രാന്‍സിനായി ആന്തണി മാര്‍ഷ്യല്‍ സമനില ഗോള്‍ നേടി.

അഞ്ചുവര്‍ഷത്തിന് ശേഷമാണ് മാര്‍ഷ്യല്‍ ഫ്രാന്‍സിനായി ഗോള്‍ നേടുന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റതാരമായ മാര്‍ഷ്യലിന് ഫ്രാന്‍സിനുവേണ്ടി അധികം കളിക്കാന്‍ സാധിച്ചിട്ടില്ല. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ഡി യില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. യുക്രൈന്‍ മൂന്നാം സ്ഥാനത്താണ്. ഫിന്‍ലന്‍ഡാണ് രണ്ടാമത്. 

Content Highlights: Martial scores but France held at Ukraine, Croatia strike late to beat Slovakia