കാര്‍ഡിഫ്: പ്രിന്‍സിപ്പാളിറ്റി സ്റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡിന്റെ വിജയാരവം മുഴങ്ങിയപ്പോഴും യുവന്റസിന് ഓര്‍ത്തു വെയ്ക്കാന്‍ ബാക്കിയായി ഒരു ഗോളുണ്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ എപ്പോഴും ഓര്‍മിക്കപ്പെടുന്ന ഒരു ഗോള്‍.

യുവന്റസിന്റെ ക്രൊയേഷ്യന്‍ താരം മരിയോ മന്‍സൂക്കിച്ചായിരുന്നു ആ ഗോളിനുടമ. പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍പ്പു വിളിയുടെ പശ്ചാത്തലത്തില്‍, ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദത്തില്‍, ഇങ്ങനെയൊരു ഗോള്‍ നേടാനാകുമോ എന്നു പലരും മൂക്കത്തു വിരല്‍ വെച്ചു. മന്‍സൂക്കിച്ചിന്റെ ആ ഗോള്‍ എമിറേറ്റ്‌സ് ടേക്ക് ഓഫാണേ അതോ ജീപ്പ് ജമ്പിംഗ് ആണോ എന്നു വരെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അന്വേഷിച്ചു.

ആ ഗോള്‍ പിറന്നത് ഇങ്ങനെയാണ്:

റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ മുന്നിട്ടു നില്‍ക്കുന്ന സമയം. 27-ാം മിനിറ്റില്‍ മത്സരത്തിന്റെ ആവേശം കൂട്ടി മന്‍സൂക്കിച്ച് യുവന്റസിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. യുവന്റസിനായി ഇടതും വിങ്ങില്‍ അധ്വാനിച്ച് കളിച്ച അലക്‌സ് സാന്ദ്രോയില്‍ നിന്നും പന്തു നേരെ ബോക്‌സിനുള്ളില്‍ ഹിഗ്വയ്‌നിലേക്ക്. പോസ്റ്റിന് മുന്നില്‍ മതില്‍ കെട്ടി നിന്ന റയല്‍ പ്രതിരോധനത്തെ കബളിപ്പിച്ച് ഹിഗ്വയ്ന്‍ മന്‍സൂക്കിച്ചിന്റെ നെഞ്ചൊപ്പം പന്ത് ചിപ്പ് ചെയ്തു നല്‍കി. നെഞ്ചു കൊണ്ട് പന്തിനെ നിയന്ത്രിച്ച മന്‍സൂക്കിച്ച് സിസര്‍ കട്ടിലൂടെ പന്ത് വലയിലെത്തിച്ചു. കെയ്‌ലര്‍ നവാസ് പന്ത് തടയാനായി കൈകള്‍ മുകളിലേക്കുയര്‍ത്തിയെങ്കിലും അതും കടന്ന് പന്ത് പോസ്റ്റിന്റെ വലതുമൂലയില്‍ താഴ്ന്നിറങ്ങി. 

ഗോള്‍ കാണാം: