മാഞ്ചെസ്റ്റര്‍: എഫ്.എ. കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. പ്രീ ക്വാര്‍ട്ടറില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. 97-ാം മിനിട്ടില്‍ സ്‌കോട് മക്ടൊമിനെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. താരത്തിന്റെ ലോങ്‌റേഞ്ചര്‍ വെസ്റ്റ് ഹാം പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് വലയിലെത്തി.

ഈ വിജയത്തോടെ 109 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡിനൊപ്പമെത്താനും യുണൈറ്റഡിന് സാധിച്ചു. എഫ്.എ.കപ്പില്‍ അവസാന ഒന്‍പത് ഹോം മത്സരങ്ങളിലും ജയിക്കാന്‍ യുണൈറ്റഡിന് സാധിച്ചു. ഇത് റെക്കോഡാണ്. ഇതിനുമുന്‍പ് 1908-നും 1912-നും ഇടയിലാണ് യുണൈറ്റഡ് ഈ നേട്ടം സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ മറികടന്ന് ബോണ്‍മത്തും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. സാം സറിജും ജൂനിയര്‍ സ്റ്റാന്‍സിലാസും ബോണ്‍മത്തിനായി ഗോള്‍ നേടി.

Content Highlights: Manchester Utd equal 109-year-old record with FA Cup win over West Ham