പുരസ്‌കാരങ്ങളുമായി ഡേവിഡ് ഡി ഹിയ, എറിക് ടെൻ ഹാഗ്, മാർക്കസ് റാഷ്‌ഫോർഡ് | Photo: twitter.com/ManUtd
ലണ്ടന്‍: 2023 ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരത്തെയും പരിശീലകനെയും പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ഈ രണ്ട് പുരസ്‌കാരങ്ങളും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. മികച്ച താരമായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡും പരിശീലകനായി എറിക് ടെന്‍ ഹാഗും തിരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരിയില്‍ പ്രീമിയര്‍ ലീഗില്‍ നാല് മത്സരങ്ങള്‍ കളിച്ച റാഷ്‌ഫോര്‍ഡ് അഞ്ചുഗോളുകളാണ് അടിച്ചുകൂട്ടിയത്. ക്രിസ്റ്റല്‍ പാലസ്, ലീഡ്‌സ് യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്കെതിരെയാണ് റാഷ്‌ഫോര്‍ഡിന്റെ ഗോളുകള്‍ പിറന്നത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന താരം എന്ന റെക്കോഡിനൊപ്പമെത്താന്‍ റാഷ്‌ഫോര്‍ഡിന് സാധിച്ചു.
2017-2018 സീസണില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സല സ്ഥാപിച്ച റെക്കോഡിനൊപ്പം റാഷ്‌ഫോര്‍ഡ് എത്തി. ഈ സീസണില്‍ മൂന്നാം തവണയാണ് റാഷ്‌ഫോര്‍ഡ് പുരസ്‌കാരം നേടുന്നത്. 2022 സെപ്റ്റംബര്‍, 2023 ജനുവരി എന്നീ മാസങ്ങളിലും റാഷ്‌ഫോര്‍ഡ് പുരസ്‌കാരം നേടിയിരുന്നു.
യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെന്‍ ഹാഗ് സീസണില്‍ രണ്ടാം തവണയാണ് മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫെബ്രുവരിയില്‍ യുണൈറ്റഡ് അപരാജിതക്കുതിപ്പ് നടത്തിയിരുന്നു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. 2017-ന് ശേഷം യുണൈറ്റഡിന് ആദ്യമായി ഒരു കിരീടം നേടിക്കൊടുത്ത പരിശീലകന്‍ കൂടിയാണ് ടെന്‍ ഹാഗ്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് (കാറബാവോ കപ്പ്) കിരീടത്തില്‍ ഈയിടെ ടെന്‍ ഹാഗും സംഘവും മുത്തമിട്ടിരുന്നു.
2022 സെപ്റ്റംബറിലും മികച്ച പരിശീലകനുള്ള പുരസ്‌കാരം ടെന്‍ ഹാഗ് നേടിയിരുന്നു. മികച്ച സേവിനുള്ള പുരസ്‌കാരവും യുണൈറ്റഡിന് തന്നെയാണ്. യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ രക്ഷപ്പെടുത്തലാണ് മികച്ച സേവായി തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റര്‍ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ കലെച്ചി ഇഹിയനാച്ചോയുടെ ഷോട്ട് രക്ഷപ്പെടുത്തിയതിനാണ് ഹിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
നോട്ടിങ്ങാം ഫോറസ്റ്റിനെതിരായ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഗോളിന്റെ ബലത്തില്‍ ഫുള്‍ഹാമിന്റെ വിങ്ങര്‍ വില്യന്‍ മികച്ച ഗോളിനുള്ള പുരസ്‌കാരം നേടി. ഈ സീസണില്‍ വില്യന്‍ നേടുന്ന ആദ്യ പുരസ്‌കാരം കൂടിയാണിത്.
Content Highlights: manchester united wins three awards by english premier league
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..