ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. രാത്രി നടക്കുന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പി.എസ്.ജിയെ നേരിടും. ബാര്‍സലോണയ്ക്കും യുവന്റസിനും ചെല്‍സിയ്ക്കും ഇന്ന് മത്സരമുണ്ട്.

ഗ്രൂപ്പ് എച്ചില്‍ രണ്ടാം തവണയാണ് യുണൈറ്റഡ് പി.എസ്.ജിയെ നേരിടുന്നത്. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കുക. ആദ്യം മത്സരിച്ചപ്പോള്‍ പി.എസ്.ജിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ ഗ്രൂപ്പില്‍ നാലുമത്സരങ്ങളില്‍ നിന്നും 9 പോയന്റുകള്‍ നേടി യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. പി.എസ്.ജി ആറുപോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇരുടീമുകളും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഗ്രൂപ്പ് ജിയില്‍ യുവന്റസ് ഡൈനാമോ കീവിനെ നേരിടും. ക്രിസ്റ്റിയാനോ ഇന്ന് കളിക്കാനിറങ്ങും. ബാര്‍സലോണ ഫെറെന്‍സ്വാരോസിനെയാണ് നേരിടുക. ലാ ലിഗയില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബാര്‍സ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. നാലുകളികളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതാണ് ബാര്‍സ. യുവന്റസിന് മൂന്നു വിജയങ്ങളാണുള്ളത്. 

മറ്റു മത്സരങ്ങളില്‍ ചെല്‍സി സെവിയ്യയെയും സെനിക്ക് ക്ലബ് ബ്രഗ്ജിനെയും ലെയ്പ്‌സിഗ് ഈസ്താംബുള്‍ ബസക്‌സെഹിറിനെയും നേരിടും. 

Content Highlights: Manchester United will face PSG in Champions League