മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് സമനില. ന്യൂ കാസില്‍ യുണൈറ്റഡാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

ന്യൂ കാസിലിനായി അലന്‍ സെയ്ന്റ് മാക്‌സിമിനും യുണൈറ്റഡിനായി എഡിന്‍സണ്‍ കവാനിയും ഗോളടിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് യുണൈറ്റഡ് മത്സരത്തില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടത്. ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ മിന്നല്‍ സേവുകള്‍ യുണൈറ്റഡിന് തുണയായി. 

മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചെങ്കിലും അര്‍ഹിച്ച വിജയം നേടാന്‍ ന്യൂകാസിലിന് സാധിച്ചില്ല. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് എട്ടാം മിനിട്ടില്‍ തന്നെ മാക്‌സിമിന്‍ ലക്ഷ്യം കണ്ടു. യുണൈറ്റഡ് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അതിമനോഹരമായി മാക്‌സിമിന്‍ പന്ത് വലയിലെത്തിച്ചു. 

റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും സാഞ്ചോയുമെല്ലാം അണിനിരന്നിട്ടും യുണൈറ്റഡിന്റെ ആക്രമണങ്ങള്‍ ദുര്‍ബലമായിരുന്നു. രണ്ടാം പകുതിയിലാണ് യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചത്. 71-ാം മിനിട്ടില്‍ കവാനി ടീമിനായി വലകുലുക്കി. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ കവാനി വലകുലുക്കി. 

ഗോളെന്നുറച്ച നാലോളം ഷോട്ടുകള്‍ രക്ഷപ്പെടുത്തിയ ഡി ഗിയയാണ് യുണൈറ്റഡിന്റെ ഹീറോ. ഈ സമനിലയോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുന്നു. ന്യൂ കാസില്‍ 19-ാം സ്ഥാനത്താണ്. മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: English Premier League 2021-2022; Manchester United vs New Castle United ended in draw