മാഞ്ചെസ്റ്റര്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചെസ്റ്റർ ഡെർബിയിൽ സിറ്റിയ്ക്ക് വിജയം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ സിറ്റി തകര്‍ത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ പെപ് ഗാര്‍ഡിയോളയ്ക്കും സംഘത്തിനും സാധിച്ചു. 

സിറ്റിയ്ക്ക് വേണ്ടി ബെര്‍ണാഡോ സില്‍വ ഗോളടിച്ചപ്പോള്‍ എറിക്ക് ബെയ്‌ലി വഴങ്ങിയ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈ തോല്‍വിയോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ക്ക് മേലുള്ള സമ്മര്‍ദ്ദം ഇരട്ടിയായി. സോള്‍ഷ്യറെ ഉടന്‍ തന്നെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയേക്കും. 

യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനിട്ടില്‍ തന്നെ സിറ്റി ലീഡെടുത്തു. കാന്‍സലോയുടെ ക്രോസ് തടയാന്‍ ശ്രമിച്ച ബെയ്‌ലിയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. 

പിന്നാലെ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ സിറ്റി ലീഡുയര്‍ത്തി. 45-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയ്ക്ക് വേണ്ടി വല ചലിപ്പിച്ചത്. 

ഇത്തവണയും കാന്‍സലോയാണ് ഗോളിന് വഴിയൊരുക്കിയത്. കാന്‍സലോയുടെ ക്രോസ് തടയുന്നതില്‍ ലൂക്ക് ഷോ പരാജയപ്പെട്ടു. പാസ് സ്വീകരിച്ച സില്‍വ പന്ത് അനായാസം വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ ഒരുപാട് നടത്തിയിട്ടും യുണൈറ്റഡിന് വിജയം നേടാനായില്ല.

എഡിന്‍സണ്‍ കവാനി, റാഫേല്‍ വരാനെ എന്നിവര്‍ പരിക്കുമൂലം കളിക്കാതിരുന്ന മത്സരത്തില്‍ യുണൈറ്റഡിനുവേണ്ടി ബെയ്‌ലിയും ഗ്രീന്‍വുഡുമാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്. 3-5-2 ശൈലിയില്‍ കളിച്ച യുണൈറ്റഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. ഇതാണ് ഗോളവസരങ്ങള്‍ കുറയാന്‍ കാരണമായത്. മറുവശത്ത് സിറ്റി 4-3-3 ശൈലിയിലാണ് കളിച്ചത്. സിറ്റി ആദ്യം മുതല്‍ അവസാനം വരെ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്.

സിറ്റി ഗോള്‍പോസ്റ്റിലേക്ക് അഞ്ചുഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ യുണൈറ്റഡ് ആകെ ഒരേയൊരു ഷോട്ട് മാത്രമാണ് തൊടുത്തത്. 68 ശതമാനം സമയവും സിറ്റിയാണ് പന്ത് കൈവശം വെച്ചത്. 

ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 മത്സരങ്ങളില്‍ നിന്ന് 23 പോയന്റാണ് സിറ്റിയ്ക്കുള്ളത്. മറുവശത്ത് യുണൈറ്റഡ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് 17 പോയന്റാണ് ചുവന്ന ചെകുത്താന്മാരുടെ സമ്പാദ്യം. നാലുമത്സരങ്ങളിലാണ് ടീം പരാജയപ്പെട്ടത്. 

ഈ തോല്‍വിയോടെ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിനെതിരേ ആരാധകര്‍ പ്രതിഷേധമുയര്‍ത്താന്‍ തുടങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ, റാഫേല്‍ വരാനെ, മഗ്വയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടായിട്ടും യുണൈറ്റഡിന് വിജയം സമ്മാനിക്കാന്‍ സോള്‍ഷ്യര്‍ക്ക് സാധിക്കുന്നില്ല. സോള്‍ഷ്യര്‍ക്ക് പകരം സിനദിന്‍ സിദാനെ പരിശീലകനാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 

Content Highlights: Manchester United vs Manchester City English Premier League 2021-2022 Manchester Derby