മാഞ്ചസ്റ്റര്‍: സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തില്‍ എതിരില്ലാ അഞ്ചു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിനെ ലിവര്‍പൂള്‍ തകര്‍ത്തത്.

അഞ്ചാം മിനിറ്റില്‍ നബി കീറ്റയാണ് ലിവര്‍പൂളിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 13-ാം മിനിറ്റില്‍ ഡിയോഗൊ ജോട്ട രണ്ടാം ഗോള്‍ നേടി. 38-ാം മിനിറ്റില്‍ സലാ തന്റെ ആദ്യ വെടിപ്പൊട്ടിച്ച് ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഇഞ്ചുറി ടൈമില്‍ സലാ വീണ്ടും വെടിയുതിര്‍ത്ത് ലിവര്‍പൂളിന്റെ സ്‌കോര്‍ നാലാക്കി. മടങ്ങിയെത്തി രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും സലാ ഹാട്രിക് തികച്ചു.

തുടര്‍ച്ചയായി പത്താം മത്സരത്തിലാണ് മുഹമ്മദ് സലാ ഗോള്‍വല ചലിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ആഫ്രിക്കന്‍ താരമെന്ന നേട്ടവും സലാ സ്വന്തമാക്കി.

ഇതിനിടെ കീറ്റയെ അപകടകരമായി നേരിട്ടതിന് 60-ാം മിനിറ്റില്‍ പോള്‍ പോഗ്‌ബെ റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകുകയും ചെയ്തു. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍)യുടെ സഹായം തേടിയ ശേഷമാണ് റഫറി പോഗ്‌ബെയ്ക്ക് റെഡ്കാര്‍ഡ് നല്‍കിയത്.