മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ 37-ാം റൗണ്ട് മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് 18-ാം സ്ഥാനത്തുള്ള ഫുള്‍ഹാം. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 

മത്സരത്തിന്റെ 15-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. ലീഗിലെ തന്നെ മികച്ച ഗോളുകളിലൊന്നായിരുന്നു ഇത്. ഡിഹിയ ക്ലിയര്‍ ചെയ്ത് നല്‍കിയ പന്ത് ഫെര്‍ണാണ്ടസ് കവാനിക്ക് മറിച്ച് നല്‍കുന്നു. ഫുള്‍ഹാമിന്റെ ഹാഫില്‍ കടന്ന് കവാനി തൊടുത്ത ലോങ്‌റേഞ്ചര്‍ സ്ഥാനംതെറ്റിനിന്ന ഗോള്‍കീപ്പര്‍ ആറിയോളയെ കബളിപ്പിച്ച് വലയില്‍.

മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ യുണൈറ്റഡിന് പക്ഷേ രണ്ടാമതൊരു ഗോള്‍ നേടാനായില്ല.

76-ാം മിനിറ്റില്‍ ഫുള്‍ഹാമിന്റെ സമനില ഗോള്‍ വന്നു. കോര്‍ഡോവ റെയ്ഡിന്റെ ക്രോസില്‍ നിന്ന് ജോ ബ്രയാനാണ് ഫുള്ഹാമിന്റെ സമനില ഗോള്‍ നേടിയത്. 

37 മത്സരങ്ങളില്‍ നിന്ന് 71 പോയന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു. 

Content Highlights: Manchester United vs Fulham Premier League drawn