ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയം. നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സണലിനെയാണ് സിറ്റി തകര്‍ത്തത്. 

50-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട നേടിയ ഗോളാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന സിറ്റി, ആഴ്ണലിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് തകര്‍ത്തത്. കെവിന്‍ ഡിബ്രൂയിന്‍(19), പെനാല്‍ട്ടിലൂടെ സെര്‍ജിയോ അഗ്യൂറോ(50), ഗബ്രിയേല്‍ ജീസസ്(74) എന്നിവര്‍ സിറ്റിയുടെ ഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരന്‍ അലക്സാന്ദ്രെ ലക്കാസെറ്റയുടെ വകയായിരുന്നു ആഴ്സനലിന്റെ ആശ്വാസ ഗോള്‍(65).

പ്രീമിയര്‍ ലീഗില്‍ സീസണിലെ 11 കളികളില്‍ പത്തിലും സിറ്റി വിജയം കുറിച്ചു. മറ്റൊന്നില്‍ സമനിലയായിരുന്നു ഫലം. 31 പോയന്റുമായി എതിരാളികളുമായി ഏറെ മുന്നിലാണ് അവര്‍. 10 കളിയില്‍ 23 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡും 11 കളിയില്‍ 23 പോയന്റുള്ള ടോട്ടനവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 19 പോയന്റ് വീതമുള്ള ആഴ്സനലും ലിവര്‍പൂളും അഞ്ചും ആറും സ്ഥാനങ്ങളിലാണ്.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. രണ്ടാം പകുതിയില്‍ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്‍(64) ആണ് നിര്‍ണായക ഗോള്‍ നേടിയത്. 

മികച്ചകളി കെട്ടഴിച്ചിട്ടും പാലസിന് ഗോളടിക്കാന്‍ കഴിയാതെപോയത് ടോട്ടനം ഗോളി ഗസ്സാനിഗയുടെ ഉശിരന്‍പ്രകടനംകാരണമാണ്. ഗോളെന്നുറച്ച മൂന്നുഷോട്ടുകള്‍ തടയപ്പെട്ടു. ഒന്നാം ഗോളി ഹ്യൂഗോ ലോറിസിനും രണ്ടാം ഗോളി മൈക്കല്‍ വേമിനുമേറ്റ പരിക്കാണ് 2015-നുശേഷം ഗസ്സാനിഗയ്ക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ ഇലവനില്‍ അവസരം തുറന്നുകൊടുത്തത്.