ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ശക്തരായ ടോട്ടനം ഹോട്‌സ്പറിനെയാണ് യുണൈറ്റഡ് കീഴടക്കിയത്. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം ലെസ്റ്ററിനെയും ആഴ്‌സനല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെയും  ന്യൂകാസില്‍ ബേണ്‍ലിയെയും പരാജയപ്പെടുത്തി.

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് ടോട്ടനത്തെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന ചുവന്ന ചെകുത്താന്മാര്‍ ലീഗിലെ രണ്ടാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 40-ാം മിനിട്ടില്‍ സണ്‍ ഹ്യൂങ് മിന്നിലൂടെ ടോട്ടനമാണ് ആദ്യം മുന്നില്‍ കയറിയത്. ആദ്യ പകുതിയില്‍ 1-0 എന്ന സ്‌കോറിന് ടീം മുന്നിട്ടുനിന്നു.

എന്നാല്‍ ആദ്യ പകുതിയില്‍ കളിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ യുണൈറ്റഡ് രണ്ടാം പകുതിയില്‍ കളിച്ചതോടെ മത്സരം മുറുകി. 57-ാം മിനിട്ടില്‍ ഫ്രെഡിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. തൊട്ടുപിന്നാലെ 79-ാം മിനിട്ടില്‍ എഡിന്‍സണ്‍ കവാനിയിലൂടെ യുണൈറ്റഡ് രണ്ടാം ഗോള്‍ നേടി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ യുവതാരം മേസണ്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോള്‍ നേടി. ഇതോടെ വിലപ്പെട്ട മൂന്നു പോയന്റുകളും ടീം സ്വന്തമാക്കി. നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 63 പോയന്റുള്ള യുണൈറ്റഡ് പോയന്റ് പട്ടികയില്‍ രണ്ടാമതാണ്. 

രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലെസ്റ്ററിനെ വെസ്റ്റ് ഹാം കീഴടക്കിയത്. ജെസി ലിംഗാര്‍ഡ് ടീമിലെത്തിയ ശേഷം അസാമാന്യമായ ഫോമില്‍ കളിക്കുന്ന ടീമിനായി താരം രണ്ട് ഗോളുകള്‍ നേടി. 29, 44 മിനിട്ടുകളിലാണ് ലിംഗാര്‍ഡ് സ്‌കോര്‍ ചെയ്തത്. 48-ാം മിനിട്ടില്‍ ജറോഡ് ബോവെന്‍ ടീമിന്റെ ലീഡ് മൂന്നാക്കി. ഇതോടെ വെസ്റ്റ് ഹാം 3-0 ന് മുന്നിലെത്തി. 

രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ലെസ്റ്ററിനായി 70-ാം മിനിട്ടിലും ഇന്‍ജുറി ടൈമിലും ഗോള്‍ നേടി കെലെച്ചി ഇഹിയനാച്ചോ തിളങ്ങി. പക്ഷേ അപ്പോഴേക്കും വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചിരുന്നു. ഈ വിജയത്തോടെ വെസ്റ്റ് ഹാം നാലാം സ്ഥാനത്ത് തുടരുന്നു. തോറ്റെങ്കിലും 31 മത്സരങ്ങളില്‍ നിന്നും 56 പോയന്റുകളുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആഴ്‌സനല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കി. അലക്‌സാണ്ട്രെ ലക്കാസെറ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി മൂന്നാം ഗോള്‍ നേടി.

ന്യൂകാസില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലിയെയാണ് കീഴടക്കിയത്. ജേക്കബ് മുര്‍ഫി, അലന്‍ സെയിന്റ് മാക്‌സിമിന്‍ എന്നിവര്‍ ന്യൂകാസിലിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ബേണ്‍ലിയ്ക്കായി വൈദ്ര ഗോള്‍ നേടി.

Content Highlights: Manchester United thrash Tottenham in English Premier League