മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് നാണം കെടുത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ഈ മത്സരത്തിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയം എന്ന റെക്കോഡിനൊപ്പമെത്താൻ ചുവന്ന ചെകുത്താന്മാര്‍ക്ക് സാധിച്ചു.

യുണൈറ്റഡിനായി ആന്റണി മാര്‍ഷ്യല്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആരോണ്‍ വാന്‍ ബിസ്സാക്ക, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, എഡിന്‍സണ്‍ കവാനി, സ്‌കോട്ട് മക്ടൊമിനെ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഡാനിയേല്‍ ജെയിംസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. യാന്‍ ബെഡ്‌നാരെക് വഴങ്ങിയ സെല്‍ഫ് ഗോളും യുണൈറ്റഡിന് തുണയായി. സതാംപ്ടണിന്റെ രണ്ട് താരങ്ങള്‍ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. തോല്‍വിയോടെ സതാംപ്ടണ്‍ 12-ാം സ്ഥാനത്തേക്ക് വീണു. 

മത്സരം തുടങ്ങി 90 സെക്കന്‍ഡ് പൂര്‍ത്തിയായപ്പോഴേക്കും സതാംപ്ടണിന്റെ അലെക്‌സ് യാങ്കെവിറ്റ്‌സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ടീം പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത യുണൈറ്റഡ് 18-ാം മിനിട്ടില്‍ ആരോണ്‍ വാന്‍ ബിസ്സാക്കയിലൂടെ മുന്നിലെത്തി. 25-ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡ് ലീഡ് രണ്ടാക്കി. 34-ാം മിനിട്ടില്‍ ബെഡ്‌നാരെക്ക് വഴങ്ങിയ സെല്‍ഫ് ഗോള്‍ യുണൈറ്റഡിന്റെ ലീഡ് മൂന്നാക്കി. അഞ്ചുമിനിട്ടിനുശേഷം കവാനി കൂടി സ്‌കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ യുണൈറ്റഡ് 4-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചാണ് യുണൈറ്റഡ് കളിച്ചത്. 69, 90 മിനിട്ടുകളില്‍ ആന്റണി മാര്‍ഷ്യലും 71-ാം മിനിട്ടില്‍ സ്‌കോട്ട് മക്ടോമിനെയും 87-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും ഇന്‍ജുറി ടൈമില്‍ ഡാനിയേല്‍ ജെയിംസും ടീമിനായി ഗോള്‍ നേടി. 86-ാം മിനിട്ടില്‍ യാന്‍ ബെഡ്‌നാരെക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ സതാംപ്ടണ്‍ ഒന്‍പത് പേരായി ചുരുങ്ങി.

യുണൈറ്റഡിനായി ഏഴ് താരങ്ങള്‍ ഒരു മത്സരത്തില്‍ സ്‌കോര്‍ ചെയ്തു എന്നതും പുതിയ റെക്കോഡാണ്. ഇതിനുമുന്‍പ് 2019-ലും 1995-ലുമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ടീം ഒന്‍പത് ഗോളിന് ജയിക്കുന്നത്.

2019-ല്‍ ലെസ്റ്റര്‍ സിറ്റി സതാംപ്ടണെതന്നെയാണ് ഈ സ്‌കോറിന് കീഴടക്കിയത് എന്ന കൗതുകകരമായ കാര്യമാണ്. രണ്ടുതവണ എതിരില്ലാത്ത ഒന്‍പത് ഗോളിന് തോറ്റ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം എന്ന നാണക്കേട് സതാംപ്ടണ്‍ സ്വന്തമാക്കി. 

1995-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇതേ സ്‌കോറിന് ഇപ്‌സ്വിച്ചിനെ കീഴടക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടു തവണ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോഡും യുണൈറ്റഡ് സ്വന്തമാക്കി.

ലീഗിലെ മറ്റ് മത്സരങ്ങളില്‍ കരുത്തരായ ആഴ്‌സനലിനെ വോള്‍വ്‌സ് അട്ടിമറിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസ് ന്യൂകാസിലിനെ കീഴടക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സനലിനെ വോള്‍വ്‌സ് കീഴടക്കിയത്. നിക്കോളാസ് പെപ്പെയിലൂടെ ആഴ്‌സനലാണ് ലീഡെടുത്തതെങ്കിലും റൂബന്‍ നെവെസ്, ജാവോ മോടീന്യോ എന്നിവര്‍ വോള്‍വ്‌സിനായി സ്‌കോര്‍ ചെയ്ത് ടീമിന് വിജയം സമ്മാനിച്ചു.

ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ന്യൂകാസിലിനെ കീഴടക്കിയത്. ഒരു ഘട്ടത്തില്‍ ലീഗില്‍ അവസാന സ്ഥാനക്കാരായിരുന്ന ക്രിസ്റ്റല്‍ പാലസ് ഈ വിജയത്തോടെ 13-ാം സ്ഥാനത്തേക്കുയര്‍ന്നു. ആഴ്‌സനല്‍ പത്താമതും ന്യൂകാസില്‍ 16-ാം സ്ഥാനത്തും തുടരുന്നു. മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

Content Highlights: Manchester United Thrash Southampton 9-0, Biggest Wins in the Premier League History