ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കുതിപ്പ് തുടരുന്നു. ഒടുവില്‍ നടന്ന മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ രണ്ടിനെതിരേ ആറുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുണൈറ്റഡ് വിജയം ആഘോഷിച്ചത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ടീമിന് സാധിച്ചു. ലീഗിലെ മറ്റൊരു മത്സരത്തില്‍ ശക്തരായ ടോട്ടനം ഹോട്‌സ്പറിനെ ലെസ്റ്റര്‍ സിറ്റി കീഴടക്കി.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ നിലംപരിശാക്കുന്ന പ്രകടനമാണ് ആതിഥേയര്‍ കാഴ്ചവെച്ചത്. മത്സരം തുടങ്ങിയപ്പോള്‍തന്നെ യുണൈറ്റഡ് രണ്ടുഗോളുകള്‍ക്ക് മുന്നിലെത്തി. 

മത്സരത്തിന്റെ 67-ാം സെക്കന്‍ഡിലും മൂന്നാം മിനിട്ടിലും ഗോളുകള്‍ നേടി സ്‌കോട്ട് മക്ടൊമിനെ ടീമിനെ മുന്നിലെത്തിച്ചു. പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസും വിക്ടര്‍ ലിന്‍ഡലോല്‍ഫും സ്‌കോര്‍ ചെയ്തതോടെ യുണൈറ്റഡ് 4-0 എന്ന സ്‌കോറിലെത്തി. എന്നാല്‍ 41-ാം മിനിട്ടില്‍ ലിയാം കൂപ്പറിലൂടെ ലീഡ്‌സ് തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയവസാനിക്കുമ്പോള്‍ 4-1 എന്ന നിലയിലായിരുന്നു സ്‌കോര്‍.

രണ്ടാം പകുതിയില്‍ യുണൈറ്റഡിനായി ഡാനിയല്‍ ജെയിംസും പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും സ്‌കോര്‍ ചെയ്തതോടെ ലീഡ്‌സ് തകര്‍ന്നു. 73-ാം മിനിട്ടില്‍ സ്റ്റിയുവര്‍ട്ട് ഡല്ലസ് ലീഡ്‌സിനായി രണ്ടാം ഗോള്‍ നേടി. യുണൈറ്റഡിനായി മക്ടൊമിനെയും ഫെര്‍ണാണ്ടസും ഇരട്ട ഗോളുകള്‍ നേടി. ഈ വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും 26 പോയന്റുകള്‍ നേടി യുണൈറ്റഡ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെ യുണൈറ്റഡ് തുടർച്ചയായി എഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 

ശക്തരുടെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലെസ്റ്റര്‍ ടോട്ടനത്തെ കീഴ്‌പ്പെടുത്തിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പെനാല്‍ട്ടിയിലൂടെ ജെയ്മി വാര്‍ഡി ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ടോട്ടനത്തിന്റെ ടോബി ആള്‍ഡര്‍വെയ്‌റെല്‍ഡ് വഴങ്ങിയ സെല്‍ഫ് ഗോളും ലെസ്റ്ററിന് തുണയായി. ഈ വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും 27 പോയന്റുകളുമായി ലെസ്റ്റര്‍ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്നും 25 പോയന്റ് നേടിയ ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക് വീണു. 31 പോയന്റുള്ള ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാമത്. 

ലീഗിലെ മറ്റു മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് വെസ്റ്റ് ബ്രോമിനെ തോല്‍പ്പിച്ചപ്പോള്‍ ബ്രൈട്ടണും ഷെഫീല്‍ഡ് യുണൈറ്റഡും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

Content Highlights: Manchester United thrash Leeds 6-2 to move up to third