ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് തകര്‍പ്പന്‍ജയം. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ബാര്‍സലോണ യുവന്റസ് പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് മെസ്സിയും സംഘവും വിജയം സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലെയ്പ്‌സിഗിനെ ഗോളുകളില്‍ മുക്കിയപ്പോള്‍ ചെല്‍സിയും പി.എസ്.ജിയും സെവിയ്യയും ബൊറൂസ്സിയ ഡോര്‍ഡ്മുണ്ടുമെല്ലാം വിജയം കണ്ടു. 

ആവേശം നിറഞ്ഞ മത്സരത്തില്‍ ബാര്‍സയ്ക്ക് വേണ്ടി ഔസ്മാനെ ഡെംബലെയും സൂപ്പര്‍ താരം മെസ്സിയുംം സ്‌കോര്‍ ചെയ്തു. റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസ്സിന് ഒരു ഗോള്‍ പോലും നേടാനായില്ല. ഇതോടെ ഗ്രൂപ്പ് ജി യില്‍ രണ്ട് വിജയങ്ങളുമായി ബാര്‍സ ഒന്നാംസ്ഥാനത്തെത്തി. 

സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഹാട്രിക്ക് മികവിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ ലെയ്പ്‌സിഗിനെ തകര്‍ത്തത്. പകരക്കാരനായി ഇറങ്ങിയായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഹാട്രിക്ക് നേട്ടം. ചാമ്പ്യന്‍സ് ലീഗില്‍ പകരക്കാരനായി ഇറങ്ങി ഹാട്രിക്ക് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് റാഷ്‌ഫോര്‍ഡ്. മാര്‍ഷ്യല്‍, ഗ്രീന്‍വുഡ് എന്നിവര്‍ യുണൈറ്റഡിന്റെ ഗോള്‍പട്ടിക തികച്ചു. 

എഡിന്‍സണ്‍ കവാനിയും ഡോണി വാന്‍ ബീക്കുമെല്ലാം ഈ മത്സരത്തില്‍ യുണൈറ്റഡിന് വേണ്ടി ഇറങ്ങി. ഈ ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും ആറു പോയന്റുകളുമായി യുണൈറ്റഡ് ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ കരുത്തരായ പി.എസ്.ജിയെ യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പി.എസ്.ജി എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഈസ്താംബുള്‍ ബസക്‌സെഹിറിനെ തോല്‍പ്പിച്ചു. മോയിസ് കീനിന്റെ ഇരട്ട ഗോളുകളാണ് ടീമിന് തുണയായത്. 

മറ്റുമത്സരങ്ങളില്‍ ചെല്‍സി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ക്രസ്‌നോഡറിനെയും ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് സെനിത്തിനെയും സെവിയ്യ 1-0 എന്ന സ്‌കോറിന് റെന്നെസിനെയും തോല്‍പ്പിച്ചു. എന്നാല്‍ കരുത്തരായ ലാസിയോ ക്ലബ് ബ്രഗ്‌ജെയോടും അയാക്‌സ് അറ്റ്‌ലാന്റയോടും സമനില വഴങ്ങി. 

Content Highlights: Manchester United sink Leipzig and Barcelona beat Juventus