ഈ സീസണില്‍ കാര്യമായ സൈനിങ്ങുകള്‍ നടത്താത്ത ടീമാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. അയാക്‌സില്‍ നിന്നും ഡോണി വാന്‍ ഡെ ബീക്കിനെ മാത്രമാണ് ചുവന്ന ചെകുത്താന്മാര്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് കൊണ്ടുവന്നത്. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ തുടങ്ങിയപ്പോള്‍ ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു.

ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഇംഗ്ലീഷ് താരം ജേഡന്‍ സാഞ്ചോയെയാണ് യുണൈറ്റഡ് ആദ്യം നോട്ടമിട്ടത്. റെക്കോഡ് തുക പ്രതിഫലം നല്‍കാമെന്ന് പറഞ്ഞെങ്കിലും ഡോര്‍ട്ട്മുണ്ട് അതിന് തയ്യാറായില്ല. ആ മോഹം ഉപേക്ഷിച്ച് മാഞ്ചെസ്റ്റര്‍ പിന്നീട് നോട്ടമിട്ടത് ബാര്‍സലോണ താരമായ ഔസ്മാന്‍ ഡെംബലെയെയായിരുന്നു. അതും നടന്നില്ല.

ഇപ്പോള്‍ യുണൈറ്റഡ് പുതിയൊരു താരത്തെയാണ് നോട്ടമിട്ടിരിക്കുന്നത്. അത് മറ്റാരുമല്ല പി.എസ്.ജിയുടെ മുന്‍ താരമായ എഡിസണ്‍ കവാനിയാണ്. പി.എസ്.ജിയില്‍ നിന്നും പുറത്തായ താരം ഇതുവരെ ഒരു ക്ലബ്ബിലും സൈന്‍ ചെയ്തിട്ടില്ല.

കവാനിയെയാണ് മാഞ്ചെസ്റ്റര്‍ നോട്ടമിടുന്നതെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തെ കരാറിലാകും താരം ടീമിലെത്തുക. പക്ഷേ ഇതേക്കുറിച്ച് യുണൈറ്റഡ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച കവാനി റയല്‍ മാഡ്രിഡില്‍ നിന്നും അത്‌ലറ്റിക്കോയില്‍ നിന്നുമൊക്കെയുള്ള ഓഫറുകള്‍ നിരസിച്ചിരുന്നു. 

556 ക്ലബ് മത്സരങ്ങളില്‍ നിന്നുമായി 341 ഗോളുകളാണ് കവാനി നേടിയിരിക്കുന്നത്. അതില്‍ 301 മത്സരങ്ങളും പി.എസ്.ജിയ്ക്ക് വേണ്ടിയാണ് കളിച്ചത്. 33 വയസ്സ് പിന്നിട്ട കവാനിയ്ക്ക് യുവത്വം തുളുമ്പുന്ന യുണൈറ്റഡില്‍ കളിക്കാനാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍. 

ഇതിനുമുന്‍പ് സ്ലാട്ടണ്‍ ഇബ്രഹാമോവിച്ചിനെയും ഇതേപോലെ യുണൈറ്റഡ് തട്ടകത്തിലെത്തിച്ചിരുന്നു. അദ്ദേഹം മികച്ച കളി തന്നയാണ് യുണൈറ്റഡിന് വേണ്ടി പുറത്തെടുത്തത്. 

നിലവിലെ സാഹചര്യത്തില്‍ ഓഫര്‍ കവാനി സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹം യുണൈറ്റഡിന് വേണ്ടി ഇറങ്ങുന്ന ആദ്യ മത്സരത്തില്‍ എതിരാളികള്‍ പി.എസ്.ജി തന്നെയായിരിക്കും. ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 20 നാണ് യുണൈറ്റഡ് പി.എസ്.ജിയുമായി ഏറ്റുമുട്ടുന്നത്. 

Content Highlights: Manchester United set to sign former PSG striker Edison Cavani