ലണ്ടന്‍: കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫഡ് മൈതാനം കൈയേറി ക്രിമിനല്‍ നടപടികളിലേര്‍പ്പെട്ട ആരാധകര്‍ക്കു നേരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 

ഞായറാഴ്ചയാണ് ഓള്‍ഡ് ട്രാഫഡ് മൈതാനത്തിനകത്തും പുറത്തും ആരാധകരുടെ വലിയ പ്രതിഷേധമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് യുണൈറ്റഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരാധകര്‍ക്കെതിരേ ശിക്ഷാ നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കിയത്. 

സ്റ്റേഡിയത്തിനകത്തേക്ക് ആരാധകര്‍ ഇരച്ചുകയറിയതോടെ ഞായറാഴ്ച ലിവര്‍പൂളിനെതിരേ നടക്കാനിരുന്ന യുണൈറ്റഡിന്റെ മത്സരം മാറ്റിവെച്ചിരുന്നു. 

ക്ലബ്ബ് ഉടമകളായ ഗ്ലെയ്‌സര്‍ കുടുംബത്തിനെതിരെയായിരുന്നു ആരാധകരുടെ പ്രതിഷേധം. ഗ്ലെയ്‌സര്‍ കുടുംബത്തിനെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി 200-ഓളം ആരാധകരാണ് മൈതാനത്തേക്ക് അതിക്രമിച്ചുകയറിയത്. 

ഇവരെ പുറത്താക്കാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പോലീസും ലീഗ് അധികൃതരും ക്ലബ്ബ് പ്രതിനിധികളുമെല്ലാം ചേര്‍ന്ന് മത്സരം മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്.

യൂറോപ്യന്‍ സൂപ്പര്‍ലീഗില്‍ യുണൈറ്റഡ് ചേര്‍ന്നത് മുതല്‍ ക്ലബ്ബ് ഉടമകളായ ഗ്ലേസര്‍ കുടുംബത്തിനെതിരെ ആരാധകരുടെ പ്രതിഷേധം രൂക്ഷമാണ്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ശിക്ഷിക്കുന്നത് കാണാന്‍ ക്ലബ്ബിന് താത്പര്യമില്ല. പക്ഷേ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാന്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഒരാളുടെ കണ്ണിന് ക്ഷതം സംഭവിച്ചതായും മറ്റൊരാളുടെ മുഖത്ത് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജനക്കൂട്ടത്തില്‍ നിന്ന് കുപ്പികളും കാനുകളും വലിച്ചെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

Content Highlights: Manchester United says they will punish fans who committed criminal acts Old Trafford protest