മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി അരങ്ങേറ്റം നടത്താനൊരുങ്ങുന്ന സൂപ്പര്‍ താരം എഡിൻസൺ കവാനിയ്ക്ക് തിരിച്ചടി. ഈ ആഴ്ച ന്യൂകാസിലിനെതിരായി നടക്കുന്ന മത്സരത്തില്‍ യുണൈറ്റഡിന് വേണ്ടി കവാനി ഇറങ്ങില്ല. ക്വാറന്റീന്‍ പൂര്‍ത്തിയാകാത്തത് മൂലമാണ് കവാനി മത്സരത്തില്‍ കളിക്കാത്തത്. 

പി.എസ്.ജിയില്‍ നിന്നും യുണൈറ്റഡിലെത്തിയ യുറുഗ്വായ് സ്‌ട്രൈക്കര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. യു.കെ യിലെ നിയമപ്രകാരം 14 ദിവമാണ് ക്വാറന്റീന്‍ കാലാവധി. 33 വയസ്സുകാരനായ കവാനിയ്ക്ക് വേണ്ടി ഏഴാം നമ്പര്‍ ജഴ്‌സിയാണ് യുണൈറ്റഡ് നല്‍കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിനുശേഷം എഴാം നമ്പറില്‍ കളിച്ച ഒരു താരത്തിലും യുണൈറ്റഡിന് വേണ്ടി ഫോമാകാന്‍ സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കവാനി ചാമ്പ്യന്‍സ് ലീഗിലായിരിക്കും യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിക്കുക അതും തന്റെ മുന്‍ക്ലബ്ബായ പി.എസ്.ജിയ്ക്കെതിരേ.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ആന്റണി മാര്‍ഷ്യലും കോവിഡ് പോസിറ്റീവായ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കളിച്ച പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസും അടുത്ത മത്സരത്തില്‍ യുണൈറ്റഡിന് വേണ്ടി ഇറങ്ങില്ല. ഇരുവരുമില്ലാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കും. മാര്‍ഷ്യലിന് ചെല്‍സിയ്ക്കും ആര്‍സനലിനുമെതിരായുള്ള മത്സരങ്ങളും നഷ്ടമാകും. എന്നാല്‍ അപ്പോഴേക്കും കവാനി ടീമിലെത്തുന്നത് മാനേജര്‍ സോള്‍ഷ്യര്‍ക്ക് ആശ്വാസം പകരുന്നുണ്ട്.

Content Highlights: Manchester United's Cavani unavailable for Newcastle clash due to COVID-19 rule