ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-സതാംപ്റ്റണ്‍ പോരാട്ടം. ഫെബ്രുവരി 26ന് വെംബ്ലിയിലാണ് ഫൈനല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പില്‍ മികച്ച പ്രകടനത്തിലൂടെയാണ് ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ ഹള്‍സിറ്റിയോട് 2-1ന് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 3-2ന്റെ മുന്‍തൂക്കവുമായി യുണൈറ്റഡ് കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു.

35ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടോം ഹഡ്ല്‍സ്‌റ്റോണ്‍ ഹള്‍സിറ്റിയെ മുന്നിലെത്തി. എന്നാല്‍ 66ാം മിനിറ്റില്‍ പോള്‍ പോഗ്ബ സമനില ഗോള്‍ നേടി. തുടര്‍ന്ന് കളി തീരാന്‍ അഞ്ചു മിനിറ്റ് ബാക്കി നില്‍ക്കെ ഒമർ നിയാസെ ഹള്‍സിറ്റിയുടെ വിജയഗോള്‍ നേടുകയായിരുന്നു. 

ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ഹള്‍സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. കരുത്തരായ ലിവര്‍പൂളിനെ തോല്‍പ്പിച്ചാണ് സതാംപ്റ്റണ്‍ ഫൈനലിലെത്തിയത്.