മാഞ്ചെസ്റ്റര്‍: സോഷ്യല്‍ മീഡിയയില്‍ വംശ വിരുദ്ധ ചുവയുള്ള സ്പാനിഷ് വാക്ക് ഉപയോഗിച്ചതിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ യുറഗ്വായ് താരം എഡിന്‍സന്‍ കവാനിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്.

വ്യാഴാഴ്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിനെതിരേ നടപടിയെടുത്തത്. വിലക്കിനൊപ്പം 100,000 പൗണ്ട് പിഴയും ചുമത്തിയിട്ടുണ്ട്.

നവംബര്‍ 29-ന് സതാംപ്ടണ് എതിരായ മത്സരത്തില്‍ യുണൈറ്റഡ് 3-2ന് ജയിച്ച മത്സരത്തില്‍ രണ്ടു ഗോളുകളുമായി തിളങ്ങിയതിനു ശേഷമായിരുന്നു കവാനി ഇന്‍സ്റ്റാഗ്രാമില്‍ സ്പാനിഷ് വാക്ക് ഉപയോഗിച്ചത്. സ്പാനിഷ് ഭാഷയില്‍ കറുത്ത വര്‍ഗക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു വാക്ക്. ഇതോടെയാണ് താരത്തിനെതിരേ നടപടി വന്നത്. 

എന്നാല്‍ ലാറ്റിനമേരിക്കയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ സ്‌നേഹത്തോടെ പറയുന്ന വാക്കാണ് താന്‍ ഉപയോഗിച്ചതെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കവാനി പ്രതികരിച്ചു.

Content Highlights: Manchester United player Edinson Cavani banned for 3 games for offensive post