മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് വമ്പന്മായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. സോള്‍ഷ്യര്‍ മൂന്നു വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പുവെച്ചു.

നോര്‍വീജിയന്‍ സ്വദേശിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സൂപ്പര്‍താരവുമായ സോള്‍ഷ്യര്‍ 2018-ലാണ് ടീമിന്റെ പരിശീലക കുപ്പായം അണിഞ്ഞത്. ഹോസെ മൗറീന്യോയ്ക്ക് പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത സോള്‍ഷ്യര്‍ക്ക് കീഴില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് ഇക്കാലയളവില്‍ പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. 

യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തിയെങ്കിലും വിയ്യാറയലിനോട് യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. ഇത്തവണ സോള്‍ഷ്യറുടെ നിര്‍ദേശപ്രകാരം 100 മില്യണ്‍ യൂറോ മുടക്കി സൂപ്പര്‍ താരം ജേഡന്‍ സാഞ്ചോയെ ബൊറൂസ്സിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ടീമിലെത്തിച്ചിട്ടുണ്ട്. ഒപ്പം ഗോള്‍കീപ്പര്‍ ഹീറ്റണെയും തിരിച്ചുകൊണ്ടുവന്നു. ഫ്രാന്‍സിന്റെ റയല്‍ താരം റാഫേല്‍ വരാനെയെയും ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. 

Content Highlights: Manchester United manager Ole Gunnar Solskjaer signs new three-year contract