ഇസ്താംബൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങും. ഇസ്താംബൂള്‍ ബസക്‌സെഹിറാണ് യുണൈറ്റഡിന്റെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കുന്നുണ്ട്.

പി.എസ്.ജിയെയും ലെയ്പ്‌സിഗിനെയും തകര്‍ത്തതിന്റെ ആവേശത്തിലാണ് യുണൈറ്റഡ് ഇന്ന് താരതമ്യേന ദുര്‍ബലരായ  ബസക്‌സെഹിറിനെ നേരിടുന്നത്. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണ് യുണൈറ്റഡ്. ബസക്‌സെഹിറാകട്ടെ അവസാന സ്ഥാനത്തും.

യുവന്റസിനെ കീഴ്‌പ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ബാര്‍സയ്ക്ക് ഡൈനാമോ കീവാണ് എതിരാളികള്‍. എന്നാല്‍ ബാര്‍സയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ യുവന്റസ് ഇന്ന് ഫെറെന്‍സ്വാരോസിനെ നേരിടും. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിറങ്ങുന്നത് യുവന്റസിന് ഗുണം ചെയ്യും.

മറ്റ് മത്സരങ്ങളില്‍ ലാസിയോ സെനിത്തിനെയും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് ക്ലബ് ബ്രഗ്ജിയെയും സെവിയ്യ ക്രസ്‌നോഡറിനെയും ചെല്‍സി റെന്നെസിനെയും പി.എസ്.ജി ലെയ്പ്‌സിഗിനെയും നേരിടും. 

Content Highlights: Manchester United looking for hat trick win in Champions League